ഈ പാക് താരത്തിന് 200 കോടി ഐപിഎല്ലിൽ ലഭിച്ചേനെ 😱വിചിത്ര വാദവുമായി പാക് മാധ്യമ പ്രവർത്തകൻ

ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ്‌ ലീഗായ കൗണ്ടി ക്രിക്കറ്റിലേക്ക് ക്ഷണം ലഭിക്കുക എന്നത് പണ്ട് കാലത്ത് ഏതൊരു ഇന്ത്യൻ ക്രിക്കറ്റ്‌ താരത്തിന്റെയും സ്വപ്നമായിരുന്നു. എന്നാൽ, ഇന്ന് കാലം മാറി കഥകളും മാറി, ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ താരങ്ങളോട്, നിങ്ങൾക്ക് കളിക്കാൻ ആഗ്രഹമുള്ള ഫ്രാഞ്ചൈസി ലീഗ് ഏതെന്ന് ചോദിച്ചാൽ, അവർ പറയും ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ (ഐപിഎൽ).

നിരവധി വിദേശ താരങ്ങൾ ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും, 2022 ഐപിഎൽ സീസണിൽ പുതിയ രണ്ട് ടീമുകൾ വന്നിട്ട് പോലും, ആകെ 80 വിദേശ താരങ്ങൾക്കെ ഐപിഎല്ലിൽ കളിക്കാൻ സാധിക്കു എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും, അടുത്തിടെ സമാപിച്ച ഐപിഎൽ താരലേലത്തിൽ 318 വിദേശ താരങ്ങൾ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിരുന്നു എന്നതിൽ നിന്ന്, ഐപിഎല്ലിന്റെ ആഗോള പ്രശസ്തി നമുക്ക് ഊഹിക്കാവുന്നതേ ഒള്ളു.

എന്നാൽ, ഐസിസി ടീമുകൾക്ക്‌ പുറമെ അസോസിയേറ്റഡ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വരെ ഐപിഎല്ലിലേക്ക് വരുമ്പോൾ, ഐസിസി പ്രധാന ടീമുകളിൽ ഒന്നായ പാകിസ്ഥാൻ താരങ്ങൾക്ക് ഐപിഎല്ലിൽ നിലനിൽക്കുന്ന വിലക്ക് ശ്രദ്ധേയമാണ്. ഷാഹിദ് അഫ്രീദി, ഷൊയ്ബ് അക്തർ, ഷൊയ്ബ് മാലിക് തുടങ്ങിയ പാക് താരങ്ങൾ പ്രഥമ ഐപിഎൽ സീസൺ കളിച്ചിരുന്നുവെങ്കിലും, പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം പാക് താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കുകയായിരുന്നു. എന്നാൽ, ഇന്ന് മികച്ച യുവ താരങ്ങൾ അടങ്ങിയ പാക്പ്പട രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം നടത്തുന്ന കാലമാണ്.

അതിനൊരു ഉദാഹരണമാണ്, 2021-ലെ ഐസിസി പ്ലെയർ ഓഫ് ദി ഇയർ അവാർഡ് പാക് പേസർ ഷഹീൻ അഫ്രീദി സ്വന്തമാക്കിയത്. നേരത്തെ, ഒരു പാക് മാധ്യമ പ്രവർത്തകൻ, ഷഹീൻ അഫ്രീദി ഐപിഎൽ താരലേലത്തിൽ ഉണ്ടായിരുന്നുവെങ്കിൽ, അദ്ദേഹത്തിന് 200 കോടി രൂപ വരെ നൽകേണ്ടി വരുമായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലായിരുന്നു. എന്നാൽ, ഇതിനെ ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “ഐപിഎല്ലിൽ മാത്യു വേഡ് ഉള്ളത് മറക്കണ്ട” എന്ന് ചിലർ ഓർമ്മപ്പെടുത്തുമ്പോൾ, “ഡൽഹി ഉടമ വേണമെങ്കിൽ 210 കോടിക്ക്‌ വിളിക്കും” എന്നും മറ്റുചിലർ പറയുന്നു.