മലയാളി മനസ്സിൽ കൂടൊരുക്കിയ തമിഴ് പെൺകൊടി!! മലയാളത്തിൽ നിന്നും കന്നഡയിലേക്ക് നീങ്ങിയ നടിയെ മറന്നോ

ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ മിഴിച്ചെപ്പിൽ വിരഹ കദനക്കടൽ,ഹൃദയ മുരളിക തകർന്നു പാടുന്ന ഗീതം .രാഗം… ശോകം…ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. ഗാനം പുറത്തിറങ്ങി മുപ്പത്തിയാറു വർഷങ്ങൾക്കിപ്പുറവും നാം ഈ ഗാനം ഏറ്റു പാടുമ്പോൾ, ഗാനത്തോടൊപ്പം മലയാളി മനസ്സിൽ കൂടൊരുക്കിയ ഒരാൾ കൂടിയുണ്ട്. ഈ ചിത്രത്തിലെ നായിക, ശ്രീയേട്ടന്റെ സ്വന്തം ചിക്കുവായി മലയാള മണ്ണിലേക്ക് കടന്നുവന്ന പ്രിയശ്രീ (കർപ്പകവല്ലി) എന്ന തമിഴ് പെൺകുട്ടി.

1986 ൽ പ്രിയദർശന്റെ തിരക്കഥയിൽ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെ പുതുമുഖ നടിയായി ചലച്ചിത്രരംഗത്തേക്ക് എത്തുന്നതു വരെയും അഭിനയ മോഹമൊന്നും ഉണ്ടായിരുന്ന വ്യക്തിയായിരുന്നില്ല പ്രിയ. ചെറുപ്പത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ട് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം പ്രാരാബ്ധങ്ങൾക്കിടയിൽ കഴിഞ്ഞിരുന്ന പ്രിയയ്ക്ക് ഉപജീവന മാർഗ്ഗമെന്ന നിലയിലാണ് അച്ഛന്റെ, നർത്തകിമാരായ സഹോദരിമാരിലൂടെ സിനിമയിലെ ഡാൻസ് ട്രൂപ്പിൽ അവസരം ലഭിക്കുന്നത്. സിനിമയിലെ ഡാൻസ് മാസ്റ്ററായ മാധുരി മാഷിന്റെ ഡാൻസ് ട്രൂപ്പിൽ അംഗമായിരുന്ന പ്രിയയെ ഒരു ജോലി എന്നതിനപ്പുറം സിനിമ അപ്പോഴും സ്വാധീനിച്ചിരുന്നില്ല.

പിന്നീട് 1984ൽ പ്രിയദർശൻ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിൽ ഡാൻസറായി എത്തിയതാണ് പ്രിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ ചിത്രത്തിൽ നായികയായിരുന്ന മേനകയൊടൊപ്പം ഡാൻസ് ചെയ്തിരുന്ന പ്രിയയെ ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ ശ്രദ്ധിക്കുകയും അവരിലെ അഭിനേത്രിയെ തിരിച്ചറിയുകയും പിന്നീട് താൻ രചന വിർവ്വഹിച്ച നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെ പുതുമുഖ നടിയായി പ്രിയയെ അവതരിപ്പിക്കുകയുമായിരുന്നു.

ആദ്യ ചിത്രത്തിനു ശേഷം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധീം തരികിട തോം, മൂന്നാംമുറ, മൃഗയ, ആര്യൻ എന്നിങ്ങനെ കുറച്ച് മലയാളം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ആദ്യ ചിത്രത്തിലേതിനു തുല്യമായ നായികാ വേഷങ്ങൾ പിന്നീട് പ്രിയയെ തേടി എത്തുകയുണ്ടായില്ല. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതോടെ അന്യഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയ നടി, നിരവധി തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. അഗ്നിസാക്ഷി എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന ഡേവിഡുമായി പ്രിയ പരിചയത്തിലാവുന്നത്. സൌഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം 1995ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

തുടർന്ന് അഭിനയത്തിൽ നിന്ന് ഒരിടവേളയെടുത്ത പ്രിയ പിന്നീട് 2001ലാണ് അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. ഇക്കാലയളവിൽ തമിഴ് ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന പ്രിയ തന്റെ ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായ നിന്നിഷ്ടം എന്നിഷ്ടം 2 ലൂടയാണ് മലയാളത്തിലേക്ക് വീണ്ടും കടന്നു വരുന്നത്. എന്നാൽ ആദ്യ ഭാഗത്തിനു ലഭിച്ച പ്രേക്ഷകശ്രദ്ധ രണ്ടാം ഭാഗത്തിന് ലഭിച്ചില്ല. തുടർന്ന് ചുരുക്കം ചില മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് അന്യഭാഷയിലേക്ക് അവർ മടങ്ങിപ്പോയി.

ഭർത്താവ് ഡേവിഡിനും മക്കളായ പ്രിൻസിനും ഐശ്വര്യക്കുമൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന പ്രിയ നിലവിൽ തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായി അഭിനയിക്കുന്നുണ്ട്. ഇളംമഞ്ഞിൻ കുളിരുമായി എന്ന ഗാനത്തോടൊപ്പം മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഈ അഭിനേത്രി മികച്ച വേഷങ്ങളിലൂടെ വീണ്ടും മലയാളി പ്രേക്ഷകനു മുന്നിലെത്താൻ കാത്തിരിക്കുകയാണ്.

Rate this post