ആരും അറിയാത്ത താരത്തിന് 2.6 കോടി രൂപയോ 😱അഭിനവ് മനോഹർ വെറുതേ വന്നതല്ല

ഓരോ ഐപിഎൽ സീസണും കുറഞ്ഞത് ഓരോ താരങ്ങളെയെങ്കിലും ഇന്ത്യൻ ടീമിന് സംഭാവന ചെയ്യാറുണ്ട്. അതുപോലെ, ഐപിഎൽ താരലേലങ്ങളിൽ ഫ്രാഞ്ചൈസികൾ നൽകുന്ന ബിഡ്ഡുകൾ പലപ്പോഴും ഒരു താരത്തെ വളർത്തിയെടുക്കുക മാത്രമല്ല ചെയ്യുന്നത്, അത് ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കളിക്കാരന്റെ വ്യക്തിഗത ജീവിതത്തെ സുരക്ഷിമാക്കുക കൂടിയാണ് ചെയ്യുന്നത്. അത്തരത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 താരലേലം ഉയർത്തി എണീപ്പിച്ച താരമാണ് അഭിനവ് മനോഹർ.

കർണാടക സ്വദേശിയായ വലങ്കയ്യൻ ബാറ്റർ അഭിനവ് മനോഹർ സദരാംഗനിയെ 2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ആണ് സ്വന്തമാക്കിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് വേണ്ടി, ഗുജറാത്തിനൊപ്പം കോൽക്കത്ത, ഡൽഹി ഫ്രാഞ്ചൈസികളും രംഗത്ത് വന്നതോടെയാണ് 27-കാരന്റെ വില അപ്രതീക്ഷിതമായി ഉയർന്നത്. തന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു തവണ ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് അഭിനവ് മനോഹർ.

2021 നവംബർ 16 ആണ് അഭിനവ് മനോഹർ സദരാംഗനിയുടെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടായത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ സൗരാഷ്ട്രയ്‌ക്കെതിരെ കർണാടകയ്‌ക്കായി അരങ്ങേറ്റം കുറിച്ച വലംകൈ ബാറ്റ്‌സ്മാൻ 49 പന്തിൽ രണ്ട് ഫോറുകളും ആറ് സിക്‌സറുകളും ഉൾപ്പെടെ 70 റൺസെടുത്തു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 150 സ്‌ട്രൈക്ക് റേറ്റിൽ 162 റൺസുമായി മനോഹർ ടൂർണമെന്റിൽ തന്റെ മുദ്ര പതിപ്പിച്ചു.

ഇതോടെ, നിരവധി ഫ്രാഞ്ചൈസികളിൽ നിന്ന് അഭിനവിന്റെ ബാറ്റിംഗ് ശൈലിയെ കുറിച്ചും, ബാറ്റിംഗ് വീഡിയോകൾ ചോദിച്ചും, ബാറ്റിംഗ് പോസിഷൻ ചോദിച്ചുമെല്ലാം തനിക്ക് നിരവധി കോളുകൾ ലഭിച്ചിരുന്നു എന്ന് അഭിനവിന്റെ അഭിനവിന്റെ ബാല്യകാല പരിശീലകനായ ഇർഫാൻ സെയ്ത് പറഞ്ഞു. എന്നാൽ, തന്റെ പരിശീലനത്തിൽ കളിച്ച അഭിനവിന് ഇത്തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വില ലഭിച്ചതിൽ ഇർഫാൻ അത്ഭുതപ്പെടുന്നില്ല. അഭിനവ് എത്ര മികച്ച ബാറ്റ്‌സ്മാനും ഫീൽഡറുമാണെന്ന് കർണാടക പ്രീമിയർ ലീഗ് പിന്തുടരുന്നവർ പറയും എന്നാണ് പരിശീലകൻ പറയുന്നത്.