ഗുജറാത്ത് ചെലവഴിച്ച കോടികൾക്ക് പ്രത്യുപകാരം ചെയ്ത് യുവതാരം ; ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ച അരങ്ങേറ്റക്കാരൻ ഇർഫാൻ പത്താന്റെ ശിഷ്യൻ

എല്ലാ ഐപിഎൽ സീസണുകളും അവസാനിക്കുമ്പോൾ ഒരുപിടി യുവതാരങ്ങൾ അഥവാ പുതിയ താരങ്ങൾ പിറവിയെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎല്ലിലെ പുതുമുഖക്കാരുടെ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിനെ വിജയത്തിലേക്ക് നയിച്ചതും ആരാധകർക്ക് അത്ര പരിചിതനല്ലാത്ത ഒരു ഐപിഎൽ അരങ്ങേറ്റക്കാരനായിരുന്നു.

കർണാടക സ്വദേശിയായ വലങ്കയ്യൻ ബാറ്റർ അഭിനവ് മനോഹർ സദരാംഗനിയാണ്‌ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ഗുജറാത്ത്‌ ടൈറ്റൻസിനെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജിയന്റ്സ് ഉയർത്തിയ 159 റൺസ് വിജയലലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസ്‌ 17.3 ഓവർ പിന്നിടുമ്പോൾ 138/5 എന്ന നിലയിൽ നിൽക്കുമ്പോഴാണ്, ഏഴാമനായി അഭിനവ് മനോഹർ ക്രീസിലെത്തുന്നത്.

ഇന്നിംഗ്സിലെ അവസാന ഓവറിൽ ലഖ്നൗ പേസർ ആവേശ് ഖാനെ തുടർച്ചയായി രണ്ട് തവണ ബൗണ്ടറി ലൈൻ കടത്തിയത് ഉൾപ്പടെ 3 ഫോറിന്റെ അകമ്പടിയോടെ 7 പന്തുകൾ നേരിട്ട അഭിനവ് മനോഹർ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. ഈ വർഷമാദ്യം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന 27-കാരനെ 2.6 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ എന്തിനാണ് അദ്ദേഹത്തിന് വേണ്ടി എല്ലാ ഫ്രാഞ്ചൈസികളും രംഗത്തെത്തിയത് എന്ന ചോദ്യത്തിന് അഭിനവ് തന്റെ ആദ്യ മത്സരത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു തവണ ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് അഭിനവ് മനോഹർ. പിന്നീട്, 2021 സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ സൗരാഷ്ട്രയ്‌ക്കെതിരെ കർണാടകയ്‌ക്കായി അരങ്ങേറ്റം കുറിച്ച വലംകൈ ബാറ്റ്‌സ്മാൻ, ടൂർണമെന്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 150 സ്‌ട്രൈക്ക് റേറ്റിൽ 162 റൺസെടുത്ത് ശ്രദ്ധ നേടിയിരുന്നു. ഇർഫാൻ പത്താന്റെ അക്കാദമിയിൽ കളിച്ചുവളർന്ന താരമാണ് അഭിനവ്.