സഞ്ജു ഉൾപ്പടെ 7 കളിക്കാർ പുറത്ത് ; എന്താണ് ഇതുകൊണ്ട് ടീമിന് ഉണ്ടാകുന്ന ഗുണം എന്ന് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം

ടി20 ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ ആദ്യത്തെ പര്യടനമായ ന്യൂസിലാൻഡ് പര്യടനം അവസാനിച്ചിരിക്കുകയാണ്. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങൾ ഉൾപ്പെട്ടതായിരുന്നു പര്യടനം എങ്കിലും, മഴ കാര്യമായി ഇടപെട്ടതോടെ, ഓരോ ടി20, ഏകദിന മത്സരങ്ങൾ മാത്രമാണ് കളിക്കാൻ ആയത്. ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത പര്യടനം.

ഡിസംബർ 4-നാണ് ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പര ആരംഭിക്കുക. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ, നിരവധി മാറ്റങ്ങൾ വരുത്തിയാണ് ബംഗ്ലാദേശിനെതിരെയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ന്യൂസിലാൻഡ് പരമ്പരക്ക് ശേഷം ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ്, ദീപക് ഹുഡ എന്നിവരെല്ലാം ഇന്ത്യയിലേക്ക് മടങ്ങും. രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ്‌ ഷമി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾ എല്ലാം ബംഗ്ലാദേശ് പര്യടനത്തിനായി ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുകയും ചെയ്യും. എന്നാൽ, ഈ ടീം തിരഞ്ഞെടുപ്പ് രീതിയെ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഒരു പരമ്പരയിൽ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റൊരു പരമ്പരയിലേക്ക് പോകുമ്പോൾ ഇത്രയധികം മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ എന്ത് പ്രയോജനമാണ് സെലക്ഷൻ കമ്മിറ്റി കാണുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് ആകാശ് ചോപ്ര പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച സഞ്ജു സാംസണ് പകരം, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ കളിച്ച ഇഷാൻ കിശനെ, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന്റെ ആവശ്യകതയും ആകാശ് ചോപ്ര ചോദ്യം ചെയ്തു.

“ഒരു ഏകദിന പരമ്പരയിൽ നിന്ന് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ മറ്റൊരു ഏകദിന പരമ്പരയിലേക്ക് കടക്കുമ്പോൾ, 12-ഓളം മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്ത് പ്രയോജനമാണ് സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു ഏകദിന മത്സരത്തിൽ മാത്രം അവസരം നൽകിയ സഞ്ജു സാംസനെ മാറ്റിനിർത്തി, ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ലാതിരുന്ന ഇഷാൻ കിഷനെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന്റെ കാരണവും എനിക്ക് പിടികിട്ടുന്നില്ല,” ആകാശ് ചോപ്ര പറഞ്ഞു.

Rate this post