സഞ്ജു ഇല്ലായിരുന്നേൽ തോൽവി നാണക്കേടിൽ മുങ്ങിയേനെ!! ഇതിഹാസ താരവും പുകഴ്ത്തുന്നു
വെള്ളിയാഴ്ച (ജൂലൈ 22) ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഇടം പിടിച്ചത് സഞ്ജു ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാൽ, 12 റൺസ് മാത്രമെടുത്ത് ബാറ്റ് കൊണ്ട് നിരാശപ്പെടുത്തി സഞ്ജു പവലിയനിലേക്ക് മടങ്ങിയപ്പോൾ ആരാധകർ നിരാശരായി. എന്നാൽ, ഇപ്പോൾ മത്സരശേഷം ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരങ്ങൾ അടക്കം സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
വെസ്റ്റ് ഇൻഡീസിന് അവസാന ഓവറിൽ വിജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, ഇന്ത്യക്കുവേണ്ടി അവസാന ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് ആ ഓവറിൽ ഭീമൻ വൈഡ് എറിഞ്ഞിരുന്നു. വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഒരു മികച്ച ഡൈവിലൂടെ ബോൾ തടഞ്ഞുനിർത്തി, നാല് റൺസ് സേവ് ചെയ്യുകയായിരുന്നു. ഒരുപക്ഷേ ആ നാല് റൺസ് സേവ് ചെയ്യാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ കയ്യിൽ നിന്ന് മത്സരം കൈവിട്ടു പോയേനെ.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇപ്പോൾ ക്രിക്കറ്റ് കമന്റെറ്റർ ആയ ആകാശ് ചോപ്ര സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. “മത്സരത്തിന്റെ അവസാനം സഞ്ജു നടത്തിയ ഫീൽഡിംഗ് പ്രകടനമാണ് വിജയിയെ തീരുമാനിച്ചത്. അത് ഒരു 100% ബൗണ്ടറി ആയിരുന്നു. അത് കൈവിട്ടിരുന്നുവെങ്കിൽ വെസ്റ്റിൻഡീസിന് വിജയം ഉറപ്പായിരുന്നു,” ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.
Sanju Samson’s stop was the difference in the end. 100% boundary. And that would’ve been Game Windies.
— Aakash Chopra (@cricketaakash) July 22, 2022
ഇതിന് പിന്നാലെ നിരവധി ആരാധകർ സഞ്ജുവിന്റെ ഫീൽഡിംഗ് പ്രകടനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. മത്സരത്തിന്റെ ഏറ്റവും സമ്മർദ്ദ ഘട്ടത്തിൽ ആയിരിക്കുമ്പോഴും സഞ്ജുവിന്റെ മനസ്സാന്നിധ്യവും, ഫീൽഡിംഗ് പ്രകടനവുമാണ് ആരാധകരെ സന്തോഷത്തിൽ ആക്കിയത്. വിക്കറ്റ് കീപ്പറുടെ റോളിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്.