ഇക്കാര്യം സൂപ്പറായി നടന്നാൽ ഇന്ത്യക്ക് കിരീടം നേടാം!!! മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര

വരുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് ഏറ്റവും നിർണായകമാകുക ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും ചേർന്ന കൂട്ടുകെട്ട് ആണെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇപ്പോൾ കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.

ഇരുവരും വളരെ മികച്ച അനുഭവസമ്പത്തുള്ള താരങ്ങളാണ്, തുടക്കം മുതലേ ആക്രമിച്ച് കളിക്കാൻ കഴിയുന്നവരാണ്. എങ്കിലും തന്റെ അഭിപ്രായത്തിൽ തുടക്കത്തിൽ കുറച്ച് പന്തുകൾ ഇവർ ശ്രദ്ധയോടെ കളിച്ചാലും അല്ലെങ്കിൽ ഡോട്ട് ബോൾ ആക്കിയാലും വലിയ കുഴപ്പമൊന്നുമില്ല. കാരണം അതിനുശേഷം പിന്നീടുള്ള ഓവറുകളിൽ അതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ ഇരുവർക്കും അനായാസം സാധിക്കും.

രണ്ടുപേരും ഒരുമിച്ച് സെറ്റ് ആയാൽ ഇന്ത്യക്ക് വളരെ എളുപ്പത്തിൽ 200 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിയും. വെറുതെ മുട്ടികളിച്ചാലും ആദ്യ ആറോവറിൽ ഇവർ തീർച്ചയായും 50 റൺസ് എടുത്തിരിക്കും. പിന്നീടങ്ങോട്ട് പറയേണ്ട കാര്യമില്ലല്ലോ.. ഇനി എന്തെങ്കിലും കാരണവശാൽ ഇവരിലൊരാൾ പുറത്താവുകയാണെങ്കിലും ബാക്കി ഇന്ത്യൻ മധ്യനിര നോക്കിക്കോളുമെന്നും ചോപ്ര വീഡിയോയിൽ പറയുന്നു.

ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ഇത്തവണത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 23ന് പാക്കിസ്ഥാന് എതിരെയാണ്. പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെന്റിന് മുമ്പ് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവരുമായി സന്നാഹമത്സരവും ഇന്ത്യ കളിക്കും. യഥാക്രമം ഒക്ടോബർ 17, 19 എന്നീ ദിവസങ്ങളിലായാണ് ആ മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് ചാനൽ മത്സരത്തിന്റെ തൽസമയ സംപ്രേഷണം ചെയ്യും.