ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഉണ്ടാവില്ല ; ഫൈനലിൽ എത്തുന്ന ടീമുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇനിയും ഒരു വർഷത്തോളം സമയമുണ്ട്. എന്നിരുന്നാലും, ആരെല്ലാം ഫൈനലിലേക്ക് പ്രവേശനം നേടും എന്നുസംബന്ധിച്ചുള്ള പ്രവചനങ്ങൾ ക്രിക്കറ്റ്‌ നിരീക്ഷകർക്കിടയിൽ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പ്രഥമ ഡബ്ല്യുടിസി ഫൈനലിസ്റ്റുകളായ ഇന്ത്യ, ഈ വർഷമാദ്യം അവസാനിച്ച ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തോറ്റതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് തന്നെയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും കരുതുന്നത്.

“നമ്മൾ ശ്രീലങ്കയ്‌ക്കെതിരെ 2-0 ന് പരമ്പര വിജയിക്കാൻ സാധ്യതയുണ്ട്. അടുത്തത് ബംഗ്ലാദേശിനെയാണ് നേരിടേണ്ടി വരിക, അവിടെയും വിജയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ, ഇംഗ്ലണ്ടിനെതിരെ ഭാക്കി വെച്ചിരിക്കുന്ന ഒരു ടെസ്റ്റും. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയിൽ നമ്മൾക്ക് പരമ്പര നഷ്ടപ്പെട്ടത്, നമ്മുടെ മുന്നോട്ടുള്ള വഴി പ്രയാസകരമാക്കും. കാരണം, ഡബ്ല്യുടിസി ഫൈനലിൽ പ്രവേശിക്കണമെങ്കിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് 100 ശതമാനം പോയിന്റ് നേടേണ്ടതുണ്ട്. ഒരു കളിയിൽ പോലും സമനില വഴങ്ങരുത്, നാല് മത്സരങ്ങളും ജയിക്കണം, ഈ യാത്ര എളുപ്പമായിരിക്കില്ല,” ആകാശ് ചോപ്ര തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.

വരുന്ന ഡബ്ല്യുടിസി ഫൈനൽ കളിക്കാൻ സാധ്യതയുള്ള രണ്ട് ടീമുകളുടെ പേരും ആകാശ് ചോപ്ര വെളിപ്പെടുത്തി. “ഞാൻ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവരെ കണക്കാക്കുന്നില്ല, കൂടാതെ ന്യൂസിലൻഡിനെയും ഞാൻ കണക്കാക്കുന്നില്ല. ശ്രീലങ്കയ്ക്കും യോഗ്യത നേടാനുള്ള അവസരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഫൈനൽ യോഗ്യതക്ക് വേണ്ടിയുള്ള മത്സരം മൂന്ന് ടീമുകൾക്കിടയിലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു – ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്ഥാൻ. ഇന്ത്യ തങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടന്നില്ലെങ്കിൽ, പാകിസ്ഥാൻ-ഓസ്‌ട്രേലിയ ഫൈനലിന് ശക്തമായ സാധ്യതയുണ്ട്,” ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം, രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയ്ക്ക് ഡബ്ല്യുടിസി സൈക്കിളിൽ ഇനി ഏഴ് ടെസ്റ്റുകളാണ് ശേഷിക്കുന്നത്. അതിൽ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് (എവേ), ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര (എവേ), ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പര (ഹോം) എന്നിവ ഉൾപ്പെടുന്നു. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരായ മികച്ച വിജയത്തിന് ശേഷം, ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലും രോഹിതും കൂട്ടരും വിജയക്കുതിപ്പ് തുടരാനുള്ള തയ്യാറെടുപ്പിലാണ്. മാർച്ച് 12 മുതലാണ് രണ്ടാം ടെസ്റ്റ്.