നിനക്ക് ആ 30 സപ്ലികൾ എഴുതിയെടുത്ത് ഡിഗ്രീ ജയിച്ചൂടെ 😱😱😱😱തന്റെ അമ്മയുടെ ആഗ്രഹം വെളിപ്പെടുത്തി കെഎൽ രാഹുൽ

മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ താൻ സ്വയം പേരെടുത്തെങ്കിലും തന്റെ അമ്മയുടെ കാഴ്ചപ്പാടിൽ ജീവിതത്തിൽ അതൊന്നും ശാശ്വതമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്ററും ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ ക്യാപ്റ്റനുമായ കെ എൽ രാഹുൽ.

കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ വെറുതേ ഇരിക്കുമ്പോൾ, സപ്ലി കാരണം പൂർത്തീകരിക്കാതിരുന്ന തന്റെ ബിരുദം പൂർത്തീകരിക്കാനാണ് അമ്മ നിർബന്ധിച്ചിരുന്നത് എന്നാണ് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ രാഹുൽ പറയുന്നത്. 1992 ഏപ്രിൽ 18 ന് കർണാടകയിലെ മംഗലാപുരത്താണ് 29 കാരനായ ബാറ്റർ ജനിച്ചത്. കർണാടകയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് രാഹുൽ പഠിച്ചത്. രാഹുലിന്റെ പിതാവ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അതേ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ്.‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന ടോക്ക് ഷോയിലാണ് രാഹുൽ തന്റെ അമ്മയുടെ ആഗ്രഹം വെളിപ്പെടുത്തിയത്.

“ഡിഗ്രി ഇല്ലാത്തതിന്റെ പേരിൽ അമ്മ ഇപ്പോഴും എന്നെ വഴക്ക് പറയാറുണ്ട്. ‘എന്താണ് നീ നിന്റെ ബിരുദം പൂർത്തിയാക്കാത്തത്?’, ‘നിനക്ക് ആ 30 സപ്ലികൾ ഒക്കെ ഒന്ന് എഴുതി എടുത്തൂടെ?’ തുടങ്ങിയ ചോദ്യങ്ങൾ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് പോലും അമ്മ എന്നോട് ചോദിച്ചിരുന്നു. അപ്പോൾ, ഞാൻ പറഞ്ഞു ‘അമ്മേ, ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ ക്രിക്കറ്റ്‌ കളിക്കുന്നതിനിടയിൽ ഞാൻ 30 പേപ്പറുകൾ എഴുതാൻ പോകണോ?’ അപ്പോൾ, ‘അതെ, എന്തുകൊണ്ട് എഴുതിക്കൂടാ? എന്നാണ് അമ്മ ചോദിച്ചത്,” രാഹുൽ പറഞ്ഞു.

ടീം ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചപ്പോഴേക്കാൾ കൂടുതൽ തന്റെ മാതാപിതാക്കൾ സന്തോഷിച്ചത് തനിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ജോലി ലഭിച്ചപ്പോഴാണ് എന്ന് രാഹുൽ കൂട്ടിച്ചേർത്തു. “എനിക്ക് ഒരു കേന്ദ്ര സർക്കാർ ജോലി ലഭിച്ചു, അപ്പോഴാണ് അവർ ഏറ്റവും സന്തോഷിച്ചത്. ഞാൻ ഇന്ത്യക്കായി ഇതിനകം നാല് വർഷം കളിച്ചിരുന്നു, പക്ഷേ അത് അവരെ സന്തോഷിപ്പിച്ചില്ല,” രാഹുൽ പറഞ്ഞു.