ഏഷ്യൻ വോളിയിൽ ചരിത്രം നേട്ടം കുറിച്ച് ഇന്ത്യൻ ടീം

2002 -03 എന്നത് ഇന്ത്യൻ വോളിബോളിനെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു. 2002 ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇറാനോട് പരാജയപെട്ടു . 2002 ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ഇന്ത്യൻ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം പുറത്തെടുത്തു. 2003 ഏപ്രിലിൽ വിശാഖപട്ടണത്തെ മനോഹരമായ രാജീവ് ഗാന്ധി പോർട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ 7,000 കാണികൾക്കുമുന്നിൽ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ലെവലിൽ ഒരു കിരീടം ഉയർത്തി .

ഏഷ്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ ശക്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം ഉയർത്തിയത്. കിരീട നേട്ടത്തോടെ 2003 ൽ തായ്‌ലൻഡിൽ നടക്കുന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനും ഇന്ത്യൻ ടീമിന് സാധിച്ചു. ഇത് തീർച്ചയായും ഫെഡറേഷന് ഒരു വലിയ നേട്ടമാണ് നൽകിയത് . വി‌എഫ്‌ഐയുടെ മികച്ച ടാലന്റ് ഹണ്ട് സ്കീം, കോച്ചുകളുടെ തിരഞ്ഞെടുപ്പ് ഇത്രയും വലിയ ചാമ്പ്യൻഷിപ്പ് വളരെ പ്രൊഫഷണൽ രീതിയിൽ നടത്താനും സാധിച്ചു.

ഇറാന്റെ കടന്നു വരവിനു മുൻപ് വരെ ഏഷ്യൻ വോളിബോളിന്റെ നീണ്ട ചരിത്രത്തിൽ, കൊറിയ, ചൈന, ജപ്പാൻ എന്നീ മൂന്ന് ഭീമന്മാരുടെ കുത്തകയായിരുന്നു. സീനിയർ,ജൂനിയർ ചാമ്പ്യൻഷിപ്പായാലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ സ്ഥിരമായി ഇവരുടെ പേരാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, 1980 ലെ ആദ്യ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജൂനിയർ ടീം ആ കുത്തകയെ തകർക്കുകയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ പ്രവേശിക്കുകയും ആദ്യമായി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. 1986 സിയോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയേഴ്സ് ജപ്പാനെ തോൽപ്പിച്ച് വെങ്കല മെഡൽ നേടി. മൂവരും ഒഴികെയുള്ള ഒരു ഏഷ്യൻ രാജ്യത്തിന് ആദ്യമായാണ് ഏഷ്യൻ മത്സരങ്ങളിൽ മെഡൽ നേടാൻ കഴിയുന്നത്. അതിനുശേഷം ഇന്ത്യയുടെ പ്രകടങ്ങൾ താഴോട്ട് പോയി , 1994 വരെ ഇന്ത്യൻ ജൂനിയർ ടീം ഏഷ്യയിൽ നാലാം സ്ഥാനത്ത് തുടർന്നു .1994 ൽ ഖത്തറിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കൊറിയയോട് പരാജയപെട്ടു. ജൂനിയേഴ്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ക്വാളിഫയറിലും ചൈനയെയും ജപ്പാനെയും രണ്ടുതവണ പരാജയപ്പെടുത്തി , ലോക ചാമ്പ്യൻഷിപ്പിൽ ഇടംനേടി. ദേശീയ പരിശീലകൻ ശ്യാം സുന്ദർ റാവുവിന്റെ മാർഗ്ഗനിര്ദേശങ്ങളായിരുന്നു ഈ പ്രകടനത്തിന് പിന്നിൽ.

എന്നാൽ 2000 ത്തിന്റെ തുടക്കത്തിൽ ഇന്ത്യക്ക് പുറകിൽ നിന്നിരുന്ന ഇറാന്റെ മുന്നേറ്റമാണ് പിന്നീട് കാണാൻ സാധിച്ചത് പരമ്പരാഗത കുത്തകകളെ തകർത്തു മുന്നേറിയ ഇറാൻ 2002 ലെ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ തോൽപ്പിച്ചു കിരീടം നേടിയ ഇറാൻ, 2001 ൽ ഏഷ്യൻ യൂത്ത് കിരീടവും സ്വന്തമാക്കി. 1997 ലാണ് എ വി സി 20 വയസ്സിനു തഴയുള്ളവർക്കായി യൂത്ത് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. 2001 ൽ ഇറാനിൽ നടന്ന ചാംപ്യൻഷിപ്പിലാണ് ഇന്ത്യ ആദ്യമായി കളിക്കുന്നത്അതിൽ ഇന്ത്യൻ ടീം ഏഴാം സ്ഥാനം നേടി.

2003 ലെ ചാമ്പ്യൻഷിപ്പിൽ സെമിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഇന്ത്യൻ ടീം ചാംപ്യൻഷിപ്പിനിറങ്ങിയത്. ആദ്യ മത്സരത്തിൽ കരുത്തരായ തായ്‌ലണ്ടിനെ ശക്തമായ പോരാട്ടത്തിൽ കീഴടക്കിയ ഇന്ത്യ , രണ്ടാം മത്സരത്തിൽ ചൈനീസ് തായ്‌പേയിയെയും, ഖത്തറിനെയും അനായാസം കീഴടക്കി . ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ടു സീറ്റുകൾ നേടി ഇന്ത്യ അനായാസം മത്സരം നേടുമെന്ന പ്രതീക്ഷിച്ചെങ്കിലും മൂന്നാം സെറ്റ് ഓസ്ട്രേലിയ നേടി തിരിച്ചു വന്നെങ്കിലും നാലാം സെറ്റിൽ ശക്തമായി തിരിച്ചടിച്ചു ഇന്ത്യ മത്സരം കയ്യിലാക്കി ( 3 -1 ).

സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഖത്തറിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി എത്തിയ നോർത്ത് കൊറിയയായിരുന്നു. സഞ്ജയ് കുമാർ, ദിനേശ്, രതിഷ്, വികാസ് തോമർ എന്നിവരുടെ മികച്ച ബ്ലോക്കിങ്ങും പഴുതില്ലാത്ത പ്രതിരോധവും ഇന്ത്യക്ക് അനായാസം മത്സരം വിജയിക്കാൻ സാധിച്ചു. നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് വിജയിച്ചു ഫൈനലിൽ സ്ഥാനം പിടിച്ചു. ചൈനയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടിയ ഇറാനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. 2001 ലെ ചാമ്പ്യൻ ടീമും ഇറാൻ ആയിരുന്നു.

പരിചയ സമ്പന്നരും ,നിലവിലെ ചാമ്പ്യന്മാരുമായ ഇറാനെതിരെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഹോം ടീമിന്റെ ആനുകൂല്യം മുതലെടുത്ത് തിരിച്ചടിച്ചതോടെ ഇറാൻ സമ്മർദ്ദത്തിലായി. ആദ്യ സെറ്റ് 25 -23 സ്വന്തമാക്കിയ ഇന്ത്യ , ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ടാം സെറ്റ് 30 -28 നു ‌നേടി. ദുർബലമായ ഇറാൻ ബ്ലോക്കിങ്ങിനെതിരെ ശക്തമായ ആക്രമണത്തോടെ ഇന്ത്യൻ ടീം തിരിച്ചടിച്ചു.മൂന്നാം സെറ്റിൽ 20 -19 എന്ന ലീഡ് നേടിയെങ്കിലും 25 -23 ഇറാൻ സ്വന്തമാക്കി. നാലാം സെറ്റിൽ നിലവിലെ ചാമ്പ്യന്മാർക്ക് ഒരവസരവും കൊടുക്കാതെ 25 -20 നു സെറ്റും കിരീടവും ഇന്ത്യ സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും ,ബ്ലോക്കറായും സഞ്ജയ് കുമാറിനെയും, സെറ്ററായി കാമരാജിനെയും, അറ്റാക്കറായി ശ്രീകാന്തിനെയും തെരെഞ്ഞെടുത്തു.