സിറിൽ സി വെള്ളൂർ മുതൽ അജിത് ലാൽ വരെ നീളുന്ന താരനിരക്ക് പന്ത് സെറ്റ് ചെയ്ത താരം , ജിജോ ജോർജ് .

പൊതുവെ വോളിബോൾ താരങ്ങൾ പറയുക എന്റെ ഉയരം കണ്ട് ഇന്ന സാറ് ,കോച്ച് ,ചേട്ടൻ എന്നെ വോളിബോളിലേക്കു കൊണ്ട് വന്നു എന്നൊക്കെ ആണ് .എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഉയരത്തിന്റെ യാതൊരു ആനുകൂല്യവും ഇല്ലാതെ വോളിബോളിൽ വിലസിയ ഒരു താരം ആണ് ജിജോ ജോർജ് എന്ന 174സെന്റിമീറ്റർകാരൻ സെറ്റർ.പാലാ വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ ഇ .ഡി .ജോസഫ് ,ജോൺസൺ എന്ന കോച്ച്മാരിലൂടെ വോളിബോൾ പരിശീലിച്ചു തുടങ്ങിയ ജിജോ 1986മുതൽ കോട്ടയം ജില്ലയുടെ സബ്‌ജൂനിയർ ,ജൂനിയർ ,യൂത്ത് ടീമുകളിലെ സ്ഥിരസാന്നിധ്യം ആയിരുന്നു .

സെന്റ് സ്റ്റീഫൻസ് ഉഴവൂർ കോളേജിൽ എത്തിയതോടെ കേരള വോളി പതിയെ പതിയെ ജിജോ എന്ന സെറ്ററെ അറിഞ്ഞു തുടങ്ങി .1991ൽ എംജി യൂണിവേഴ്സിറ്റി കളിച്ച ജിജോ 94-95ൽ ഓൾ ഇന്ത്യ വിൻ ചെയ്തപ്പോൾ ക്യാപ്റ്റൻ ആയിരുന്നു 1995-96ൽ മൂന്നാം സ്ഥാനം നേടിയപ്പോഴും ടീം അംഗം ആയിരുന്നു .ആ കാലത്ത് 2 പ്രാവശ്യം ഇന്ത്യൻ യൂണിവേഴ്സിറ്റിക്കും കളിച്ചിട്ടുണ്ട്. 1994,95,96 കാലഘട്ടത്തിൽ ജിജോ സെറ്റർ ആയിരുന്ന സെന്റ് .തോമസ് കോഴഞ്ചേരി കോളേജ് ടീം ഡിപ്പാർട്മെന്റ്കൾക്ക് പേടി ആയിരുന്നു . ഒരു വർഷം കോളേജ് ഗെയിംസ് ഉൾപ്പെടെ 9 ഇന്റർ കോളേജിയേറ്റുകളിൽ വിജയികൾ ആയിരുന്നു അവർ .

1994ൽ പത്തനംതിട്ട പുത്തേഴം ഓൾ കേരളയിൽ കെഎസ്ഇബിയെ ഫൈനലിൽ തോൽപിച്ചു വിജയികൾ ആയിട്ടുണ്ട് ആ ടീം . 25വർഷത്തോളം സ്റ്റേറ്റ് സീനിയർ കളിക്കുകയും 2വർഷം കേരളത്തിന്റെ കുപ്പായം അണിഞ്ഞിട്ടും ഉണ്ട് ഈ പൈകക്കാരൻ . റോബിൻ നടത്തിപ്പുകാരൻ ആയിരുന്നപ്പോൾ പൂഞ്ഞാർ അർബൻ ബാങ്ക് ,ഇളംകുളം ബാങ്ക് ടീമുകൾക്ക് വേണ്ടി വര്ഷങ്ങളോളം ആനക്കല്ല് ബിജു ,കബീർ എന്നീ ലോക്കൽ വീരന്മാരോടൊത്ത് കളിച്ചിട്ടുണ്ട് .കൊച്ചിൻ പോർട്ട്‌ ,ടൈറ്റാനിയം , കെഎസആർടിസി ,കൊച്ചിൻ കസ്റ്റംസ് തുടങ്ങിയ ഡിപ്പാർട്മെന്റുകൾക്കൊക്കെ അഥിതി താരം ആയിട്ടുണ്ട് .

1997ൽ കേരളപോലീസിൽ ചേർന്ന ഇദ്ദേഹം 98ൽ ഓൾ ഇന്ത്യ പോലീസ് മീറ്റിൽ മൂന്നാം സ്ഥാനം നേടിയ ടീം സെറ്റർ ആയിരുന്നു .2013ൽ ലെവൽ വൺ ചെയ്ത ഇദ്ദേഹം 2015 മുതൽ 2017 വരെ ടീം കോച്ച് ആയി സേവനം ചെയ്തിട്ടുണ്ട് .ആകാലത്തു ആണ് കേരളപോലീസ് പോലീസ് ഗെയിംസിൽ സിൽവർ നേടിയത് .തിരുവനന്തപുരം മുതൽ ഗോവവരെ നീളുന്നതായിരുന്നു ജിജോയുടെ ലോക്കലിന്റെ ഒരു വർഷത്തെ ഷെഡ്യൂൾ അക്കാലത്ത് .പി .റ്റി .ടോമി മുതൽ സിറിൽ സർ ,ഉദയൻ സർ ,ഷിജാസ് ,ടോം ജോസഫ്‌ ,കിഷോർ ,സാംജി ,നജീബ് ,രതീഷ് തുടങ്ങി ഇപ്പോഴത്തെ അവസാനകണ്ണികൾ ആയ അഖിൻ ,അജിത് ലാൽ ,അക്ബർ ,അനു ജെയിംസ് ,ഷോൺ വരെ കൂടെ കളിച്ചിട്ടുള്ള ഒരു അപൂർവ താരം ആയിരുന്നു ജിജോ .

സാദാരണ എല്ലാവരും ഡിപ്പാർട്മെന്റ് കളിക്കാരെ കൂടെ കൂട്ടുമ്പോൾ ജിജോക്കിഷ്ടം കോളേജ് താരങ്ങളോട് ആയിരുന്നു . ജിജൊക്കൊപ്പം കളിച്ചു തെളിഞ്ഞവർ ആണ് മിക്ക എംജി താരങ്ങളും .പല ഓൾ കേരളകളും ഡിപ്പാർട്മെന്റ് ടീമുകളെ തോൽപിച്ചു ജിജോയും കുട്ടികളും ജയിച്ചിട്ടുണ്ട് .പയ്യോളിയിൽ കസ്റ്റംസ് ,പോർട്ട്‌ ,പോലീസ് , വെസ്റ്റേൺ റെയിൽവേ ടീമുകളെ തോൽപിച്ചു ജയിച്ച ടീമിൽ അന്നത്തെ കോളേജ് താരങ്ങൾ ആയിരുന്ന ജിത്തു , മനോജ് നായർ ,ഷമീം മംഗലശ്ശേരി , വിപിൻജോ ,ഡിഡിന് ഒക്കെ ആയിരുന്നു മിന്നും താരങ്ങൾ .എന്തും വെട്ടിത്തുറന്നു പറയുന്ന രീതി അദ്ദേഹത്തെ പലർക്കും അനഭിമതൻ ആക്കിയിട്ടുണ്ട് അദ്ദേഹത്തിന് പലതും നഷ്ടപ്പെട്ടിട്ടും ഉണ്ട് .2017ൽ ആക്‌സിഡന്റ് സംഭവിക്കുന്നത് വരെ കേരളത്തിലെ ഗ്രൗണ്ടുകൾക്ക് ലോക്കലിൽ സുപരിചിതൻ ആയിരുന്നു കണക്കുപറയാത്ത കളിക്കുമ്പോൾ തൊഴിലുറപ്പ് രീതി സ്വീകരിച്ചിട്ടില്ലാത്ത ഈ പാലാക്കാരൻ .

എഴുത്ത് : ഷാജി അട്ടപ്പാടി