നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല.
പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. രാമശേരി ഇഡലി പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉണക്കമുളക്, കറിവേപ്പില, കറുത്ത എള്ള്, വെളുത്ത എള്ള്, ഉഴുന്ന്, കായം, ഉപ്പ്, നിലക്കടല ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നിലക്കടല, ഉണക്കമുളക്,ഉഴുന്ന്, കറിവേപ്പില എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ഇവ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചേരുവകളെല്ലാം പാത്രത്തിൽ നിന്നും എടുത്തുമാറ്റിയ ശേഷം ബാക്കിയുള്ള കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. അതിനായി നേരത്തെ ഉപയോഗിച്ച പാനിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളുത്ത എള്ള്, കറുത്ത എള്ള് എന്നിവ കൂടിയിട്ട് ഒട്ടും കരിയാത്ത രീതിയിൽ ചൂടാക്കി എടുക്കുക.
ഈ ചേരുവകൾ കൂടി നേരത്തെ വറുത്തു മാറ്റി വച്ച ചേരുവകളോടൊപ്പം മിക്സ് ചെയ്യാവുന്നതാണ്. ശേഷം വറുത്തുവച്ച ചേരുവകളുടെ ചൂട് പോയി കിട്ടുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. ഒട്ടും എണ്ണ ഉപയോഗിക്കാതെയാണ് ഈ ഒരു പൊടി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇത്തരത്തിൽ തയ്യാറാക്കി വെച്ച പൊടി സാധാരണ ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ എന്നിവയുടെ മുകളിൽ വിതറി അല്പം എണ്ണയോ, നെയ്യോ ഒഴിച്ച് കഴിക്കുമ്പോൾ ഇരട്ടി രുചിയായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്