കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് നമ്മുടെ വെണ്ട. ടെറസ്സിലും, മണ്ണിലും ഒക്കെ തന്നെ ഇത് നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ അല്ലങ്കിൽ ചാക്കില്‍ വെണ്ട വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അളവിൽ അടങ്ങിയിക്കുന്നു. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ പൊതുവെ മുളപ്പിക്കുന്നത്.
നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് ചെടിക്ക് നല്ലതാണ്. സ്യുടോമോണസ് ലായനി ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗ പ്രതിരോധത്തിനും ഇത് ചെടിക്ക് നല്ലതാണ്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ഉണങ്ങിയ കരിയില എന്നിവ നമുക്ക് ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് വെണ്ട കൃഷിയില്‍ നിന്ന് നിമാവിരയെ അകറ്റും.
വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ ഏകദേശം 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ ഏകദേശം 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ് അല്ലങ്കില്‍ ചാക്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 4-5 ദിവസം കൊണ്ട് തന്നെ മുളക്കും. ഇതിൽ ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും ചെടിക്ക് ആവശ്യമില്ല. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ചെടിക്ക് ചേർക്കാം.
മേൽവളമായി ചാണകം നന്നായി നേർപ്പിച്ച് ചാണകപ്പാൽ ആക്കിയത്, ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലിറ്റർ വെള്ളവുമായി നന്നായി ചേർത്തതോ, വെർമി വാഷ് അല്ലെങ്കിൽ ഗോമൂത്രം എന്നിവ നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ചതോ നമുക്ക് തന്നെ ഉപയോഗിക്കാം. കൂടാതെ, കലർപ്പില്ലാത്ത കടലപ്പിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റർ വെള്ളത്തിൽ ഒരു പ്ലാസ്റ്റിക് വീപ്പയിൽ കുതിർത്തുവെച്ച് അതും നമുക്ക് ഉപയോഗിക്കാം.