സാധാരണയായി നമ്മുടെയെല്ലാം നാട്ടിൽ ഹൽവ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. പച്ച, നീല, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ഹൽവകൾ ബേക്കറികളിൽ സുലഭമായി ലഭിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അതേ ടേസ്റ്റിൽ നല്ല രുചികരമായ ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചൊവ്വരി വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം മുഴുവനായും ഊറ്റി കളയുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക.
ഒരുപിടി അളവിൽ കശുവണ്ടി കൂടി അതിലേക്ക് ഇട്ട് വറുത്തെടുത്തു മാറ്റുക. അതേ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്തെടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കര കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാനിയുടെ രൂപത്തിൽ ആക്കണം. അതിനുശേഷമാണ് അരച്ചുവച്ച ചൊവ്വരി ചേർത്തു കൊടുക്കേണ്ടത്. ചൊവ്വരി ചേർത്ത ശേഷം ഹൽവ കൈയെടുക്കാതെ ഇളക്കി കൊടുക്കണം. ഇടയ്ക്ക് അല്പം നെയ്യ് കൂടി അതോടൊപ്പം ചേർത്ത് കൊടുക്കാം.
ഹൽവ പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ വറുത്തുവച്ച അണ്ടിപ്പരിപ്പും, ഒരുപിടി അളവിൽ കറുത്ത എള്ളും ചേർത്ത് മിക്സ് ചെയ്യുക. ഹൽവ ഒന്നുകൂടി കുറുകി സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിഞ്ച് അളവിൽ ഏലയ്ക്ക പൊടിച്ചതും, ഒരു ടേബിൾസ്പൂൺ അളവിൽ നെയ്യും, ഒരു പിഞ്ച് അളവിൽ വെളുത്ത എള്ളും കൂടി ചേർത്തു കൊടുക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈയൊരു കൂട്ടിന്റെ ചൂട് ഒന്നു വിടാനായി മാറ്റിവയ്ക്കുക. ചൂട് ഒന്നു വിട്ടു കഴിഞ്ഞാൽ സെറ്റ് ചെയ്യേണ്ട പാത്രത്തിലേക്ക് ഒഴിച്ച് അല്പം സമയം റസ്റ്റ് ചെയ്യാനായി വെക്കണം. അതിനുശേഷം ഹൽവ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്