രണ്ടാം ധോണി!!അടിച്ചത് 14 സിക്സും 10 ഫോറും : ടീമിലേക്ക് എത്തിയത് ഇപ്രകാരം

ഫെബ്രുവരി 5-ന് നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ കൗമാരപ്പട അഞ്ചാം തവണയും ഐസിസി അണ്ടർ 19 ലോകകപ്പ് ഉയർത്തിയിരിന്നു. ചരിത്രപരമായ വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് മുന്നിൽ യാഷ് ദുല്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ കൗമാരപ്പട ഹീറോകളായി മാറി. അതോടെ ചരിത്രത്തിന്റെ ഭാഗമായ ഓരോ താരങ്ങളെ കുറിച്ചും ആരാധകർ കൂടുതൽ അറിയാൻ താത്പര്യം കാണിച്ചു.

അത്തരത്തിലൊരു കൗതുകകരമായ കഥയാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ദിനേശ് ബാനയ്ക്കും പറയാനുള്ളത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഫൈനലിൽ സിക്സ് അടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച ബാന, 2011 ലോകകപ്പ് ഫൈനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ത്യയെ സിക്സ് അടിച്ച് ജയിപ്പിച്ചതിനെ ഓർമ്മിപ്പിച്ചിരുന്നു. ഇരുവരുടെയും ഫിനിഷിംഗ് സ്റ്റൈൽ ആണ് ആരാധകരിൽ കൗതുകം ഉണർത്തിയത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാനയുടെ ഇന്ത്യ അണ്ടർ 19 ടീമിലേക്കുള്ള സെലക്ഷനും ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനും സാമ്യമുണ്ട് എന്ന് കാണിക്കുന്നു.

ബാന യഥാർത്ഥത്തിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് ഒരു ഓട്ടോമേറ്റഡ് ചോയിസ് ആയിരുന്നില്ല. ബാന കളിച്ച ഒരു ആഭ്യന്തര ക്രിക്കറ്റ്‌ മത്സരം കാണാനായി ഇന്ത്യൻ ടീമിന്റെ സെലക്ടർമാർ എത്തിയിരുന്നു, ഈ വിവരം മനസ്സിലാക്കിയ ബാന, തന്റെ ബാറ്റിംഗ് ഇന്നിങ്സിൽ നിരവധി സിക്സുകൾ പറത്തി സെലക്ടർമാറരുടെ കണ്ണുകളെ തന്നിലേക്ക് പതിപ്പിക്കുകയായിരുന്നു. ധോണിയും ഏറെ കുറേ സമാനമായ രീതിയിലാണ് സെലക്ടർമാരുടെ കണ്ണിൽ പെടുന്നത് എന്ന്, അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിൽ’ ചിത്രീകരിച്ചിട്ടുണ്ട്.

ചലഞ്ചേഴ്‌സ് ട്രോഫി മത്സരത്തിനിടെ ബാനയുടെ സഹതാരവും, ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗവുമായിരുന്ന നിശാന്ത് സിന്ധു, “സെലക്ടർമാർ ഇന്ന് വരുന്നുണ്ട്,” എന്ന് ബാനയോട് പറഞ്ഞു. എങ്കിൽ, “ഇന്ന് ഞാൻ അടിക്കുന്ന സിക്സുകളുടെ എണ്ണം നീ കണക്കാക്കു,” എന്നായിരുന്നു ബാനയുടെ മറുപടി. തുടർന്ന് മത്സരത്തിൽ, 98 പന്തിൽ നിന്ന് 14 സിക്‌സറുകളും 10 ബൗണ്ടറികളും അടങ്ങുന്ന ബാന നേടിയ 170 റൺസ് സെലക്ടർമാരെ ബാനയിൽ എത്തിച്ചു. മത്സരത്തിൽ നിശാന്ത് സിന്ധുവും അർദ്ധസെഞ്ച്വറി തികച്ചിരുന്നു.