അയാൾ ഏത് പ്രായത്തിലും ഇതിഹാസമാണ് 😱എതിരാളികൾ ഭയക്കുന്ന ബാറ്റിങ് സ്റ്റൈൽ

എക്കാലത്തെയും മികച്ച പാകിസ്ഥാൻ ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് യൂനിസ് ഖാൻ അറിയപ്പെടുന്നത്. ഒരു ദശാബ്ദത്തിലേറെക്കാലം പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമിൽ വലംകൈയ്യൻ ബാറ്റർ നിർണായക ഘടകമായിരുന്നു. 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ആദ്യ ബാറ്റ്സ്മാനാണ് അദ്ദേഹം, ഏകദിന ക്രിക്കറ്റിൽ 7249 റൺസും നേടിയിട്ടുണ്ട്. എന്നാൽ, തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായിരുന്നിട്ടും, ക്യാപ്റ്റൻ എന്ന നിലയിൽ ഖാൻ ചില ദുരനുഭവങ്ങൾക്ക് വിധേയനായി.

എന്നിരുന്നാലും, ആ മനുഷ്യൻ, പേരുകേട്ട ഓസ്ട്രേലിയൻ ബൗളർമാരെയും, ആഫ്രിക്കൻ ബൗളർമാരെയും, ഇംഗ്ലീഷ് ബൗളിംഗ് നിരയെയുമെല്ലാം വിറപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 2000-ത്തിൽ തുടങ്ങിയ രാജ്യാന്തര കരിയർ, 17 വർഷം നീണ്ടു നിന്നപ്പോൾ, കരിയറിന്റെ അവസാനത്തിൽ അദ്ദേഹത്തെ ‘വൃദ്ധൻ’ എന്ന് വിമർശകർ പരിഹസിച്ചപ്പോൾ, വാക്ക് കൊണ്ട് മറുപടി കൊടുക്കാതെ ബാറ്റ് കൊണ്ട് മറുപടി നൽകിയ പോരാളിയാണ് യൂനിസ് ഖാൻ.എന്നാൽ, എതിരാളികൾ എന്നും കളിക്കളത്തിന് പുറത്ത് അയാളെ വേട്ടയാടുമായിരുന്നു, അത് ഒരുപക്ഷെ ക്രീസിൽ നിൽക്കുന്ന ഖാനെ ഓർത്തുള്ള ഭയം കൊണ്ടായിരിക്കാം. തന്റെ കരിയറിൽ ഒരിക്കൽ പോലും അഞ്ച് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പര കളിക്കാൻ ഖാന് ഭാഗ്യം ലഭിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഒരു തവണ പോലും അഞ്ച് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പര കളിക്കാത്ത ഇയാളൊക്കെ എന്ത് ഇതിഹാസമാണ് എന്ന് പലപ്പോഴും ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലേയും പാപ്പരാസികൾ പരിഹസിച്ചിരുന്നു. എന്നാൽ, അത് അവരുടെ ഭീരുത്തം കൊണ്ട് പുലമ്പുന്നതാണ് എന്ന് തെളിയിക്കാൻ, ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഖാൻ നേടിയ 468 റൺസ് തന്നെ ധാരാളം. അന്ന് അത് ഒരുപക്ഷെ ഒരു അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര ആയിരുന്നെങ്കിൽ, അത് ഓസ്ട്രേലിയൻ ബൗളർമാർക്ക് വലിയ പേരുദോഷം നൽകിയേനെ.

എന്നാൽ, എതിരാളികളിൽ നേരിടുന്ന പരിഹാസങ്ങൾ അയാൾക്കെന്നും കൂടുതൽ ആവേശത്തിൽ കളിക്കാൻ പ്രചോദനം നൽകിയിരുന്നെങ്കിലും, സ്വന്തം രാജ്യത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനകൾ അയാളെ തളർത്തിയിരുന്നു. ഒത്തുകളി ആരോപണത്തെ തുടർന്ന് അന്വേഷണ വിധേയമായി 2009ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് യൂനിസിനെ നീക്കം ചെയ്തതും, ഒരുകാലത്ത് ടെസ്റ്റ്‌ മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത് എന്ന മുടന്തൻ ന്യായം ഉന്നയിച്ച് യൂനിസിനെ എ കാറ്റഗറിയിൽ നിന്ന് ബി കാറ്റഗറിയിലേക്ക് തരം താഴ്ത്തിയതും പാകിസ്ഥാൻ അയാളോട് കാണിച്ച അനാദരവുകളിൽ ചിലത് മാത്രം.

എന്നിരുന്നാലും, പിന്നെയും പാകിസ്ഥാൻ അയാളെ ടീമിൽ ഉൾപ്പെടുത്തുകയും, സ്ഥിരമായി അവസരങ്ങൾ നൽകുകയും ചെയ്തതിൽ നിന്ന്, ക്രീസിൽ ഖാനല്ലാതെ ആ കാലത്ത് മറ്റൊന്നും പാക്കിസ്ഥാൻ ക്രിക്കറ്റിൽ ശാശ്വതമല്ല എന്ന് അവർ തിരിച്ചറിഞ്ഞതായി തെളിയിക്കുന്നു. പാകിസ്ഥാനിൽ ചിലർക്ക് മിസ്ബയെ ഇഷ്ടമാണ്, മറ്റുചിലർ മിസ്ബയെ വെറുക്കുന്നു. ചിലർ അഫ്രീദിയെ സ്നേഹിക്കുന്നു, മറ്റുചിലർ അഫ്രീദിയെ വെറുക്കുന്നു. അതെല്ലാം അവരുടെ ചില പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായി മാത്രമാണ്. എന്നാൽ, ആ ചിന്തകൾക്ക് മുകളിൽ യൂനിസ് ഖാൻ ബാറ്റേന്തി. ഇന്ന് പാകിസ്ഥാനിൽ എല്ലാവരും യൂനിസ് ഖാനെ ഇഷ്ടപ്പെടുന്നു. ഖാൻ ഒരു പോരാളിയാണ്. ഖാൻ ഒരു ഇതിഹാസമാണ്.