മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ കയറിയ വിദേശതാരം;നേപ്പാളി സിനിമകൾക്ക് പുതിയ ഭാവുകത്വം നൽകിയ ആക്ഷൻ മാസ്റ്റർ

ഇന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളിൽ നിരവധി പേരാണ് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് . അതിൽതന്നെ പലരും മലയാള സിനിമകളില്‍ അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിദേശ ഭാഷകളില്‍ നിന്ന് മലയാള സിനിമയിലേക്ക് വന്നവർ വളരെ ചുരുക്കമാണ്. അക്കൂട്ടത്തില്‍ മലയാള സിനിമ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച സിനിമയാണ് മോഹൻലാലിനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് നേപ്പാളിലാണ്.അതുകൊണ്ട് തന്നെ നേപ്പാളില്‍ കഥ നടക്കുമ്പോള്‍ സംവിധായകന്‍ കഥാപാത്രങ്ങളായി തെരഞ്ഞെടുത്തതിൽ കൂടുതൽ പേരും ആ ഭാഷയിലെ മികച്ച നടന്മാർ ആയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ഉണ്ണിക്കുട്ടന്‍ എന്ന റിമ്പോച്ചയായി എത്തിയത് നേപ്പാളി താരം സിദ്ധാര്‍ത്ഥലാമയും പ്രധാന വില്ലനായി എത്തിയത് സിദ്ധാര്‍ത്ഥലാമയുടെ അച്ഛന്‍ യുബരാജ് ലാമയും ആയിരുന്നു. എന്നാൽ യോദ്ധയില്‍ നേപ്പാളില്‍ നിന്ന് എത്തി മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു അശോകന് കാഴ്ച നഷ്ടപ്പെടുമ്പോള്‍ പരിശീലിപ്പിക്കുന്ന നേപ്പാളി ഗുരുവിന്റേത്.നരച്ച താടിയും മുടിയും പൊക്കം കുറഞ്ഞ ശരീരപ്രകൃതവുമുള്ള ആ നേപ്പാളി ഗുരുവിനെ യോദ്ധ കണ്ട പ്രേക്ഷകര്‍ഒരിക്കലും മറക്കാൻ ഇടയില്ല.

നേപ്പാളിലെ ആക്ഷന്‍ സിനിമകള്‍ക്ക് പുത്തൻ ഭാവുകത്വം നല്‍കിയ ഗോപാല്‍ ഭൂട്ടാനി എന്ന നടനാണ് അശോകന്റെ ഗുരുവായ കഥാപാത്രത്തെ ഗംഭീരമാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.നേപ്പാളിലെ ഫിക്കലിൽ ജനിച്ച ഗോപാൽ ഭൂട്ടാനി തന്റെ കൗമാരകാലത്ത് സിനിമ മോഹവുമായി ബോളിവുഡിലേക്ക് പോയി. എന്നാല്‍ പ്രതീക്ഷിച്ചപോലെ അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ തിരിച്ചുവരികയും ചെയ്തു. മെലോഡ്രാമകളും സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളുമാണ് ആ കാലത്ത് നേപ്പാളി സിനിമകളില്‍ വന്നതിലേറെയും. അവിടേക്ക് ആക്ഷന് പ്രാധാന്യമുള്ള സിനിമകളുമായി ഗോപാല്‍ ഭൂട്ടാനി എത്തി. നിരവധി സിനിമകളില്‍ ആക്ഷന്‍ ഡയറക്ടറായി ഗോപാല്‍ ഭൂട്ടാനി പ്രവര്‍ത്തിച്ചു.

നേപ്പാളി സിനിമകളിൽ അനേകം മികച്ച റോളുകളും കൂടാതെ അനേകം മേഖലകളിൽ പ്രവർത്തിച്ചിട്ടും അദ്ദേഹം അർഹമായ അംഗീകാരം നേടിയില്ല. തന്റെ പേരിനോപ്പമുള്ള ഭൂട്ടാനി എന്നുള്ള കുടുംബ പേര് താരത്തിന് കനത്ത തിരിച്ചടികളാണ് നൽകിയത്. ഭൂട്ടാനി എന്ന കുടുംബ പേര് കാരണം അദ്ദേഹത്തിന് ഭൂട്ടാൻ പൗരത്വം ലഭിച്ചില്ല.തന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകളും ഗോപാല്‍ ഭൂട്ടാനിയുടെ പക്കല്‍ ഇല്ലായിരുന്നു.

രണ്ടായിരത്തിപത്തിലാണ് ഗോപാല്‍ ഭൂട്ടാനി മരിക്കുന്നത്. ശ്വാസകോശ അര്‍ബുദം പിടിപ്പെട്ട് വളരെ നാള്‍ അസുഖത്തോട് മല്ലിട്ടായിരുന്നു എഴുപത്തിയെട്ടാം വയസ്സില്‍ ഗോപാല്‍ ഭൂട്ടാനിയുടെ മടക്കം. അവശനായി കിടക്കുന്ന സമയത്തും അദ്ധേഹത്തിന്റെ അവസാന ആഗ്രഹം ഒരു നേപ്പാളി പൗരനായി മരിക്കണം എന്നായിരുന്നു.നേപ്പാളി സിനിമ മേഖലയിലുള്ള പലരും നടന്റെ പൗരത്വരേഖകള്‍ക്കായി ആ സമയം വലിയ ശ്രമങ്ങള്‍ നടത്തി. ശേഷം അദ്ദേഹത്തിന് പൗരത്വം ലഭിച്ചെങ്കിലും ഈ നേട്ടം ലഭിക്കും മണിക്കൂർ മുൻപേ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിരുന്നു.