ഫാൻസിനെ ചതിച്ചതാര് 😱😱മാനേജ്മെന്റിന് പിഴച്ചോ!! പകരം ഇനി ആര് എത്തും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022 -23 സീസണിന്റെ ഒരുക്കത്തിലാണ് ക്ലബ്ബുകളെല്ലാം. പുതിയ കളിക്കാരെ വാങ്ങിക്കൂട്ടി ടീം ശക്തിപ്പെടുത്താനും കഴിഞ്ഞ സീസണിൽ വേണ്ട രീതിയിൽ ഗുണം ചെയ്യാത്ത താരങ്ങളെ മറ്റു ക്ലബ്ബുകളിലേക്ക് കൊടുത്തും സന്തുലിതമായ ഒരു സ്‌ക്വാഡിനെ കെട്ടിപ്പടുക്കുകയാണ് ഓരോ ഐഎസ്എൽ ക്ലബ്ബുകളും.

മുൻ വർഷങ്ങളിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ വിദേശ താരങ്ങളെ നിലനിരത്തണമെന്ന ആഗ്രഹം പല ടീമുകൾക്ക് ഉണ്ടങ്കിലും മറ്റു ക്ലബ്ബുകളിൽ നിന്നുള്ള ഉയർന്ന ഓഫറുകൾ കളിക്കാരെ മാറി ചിന്തിപ്പിക്കുന്നു.ഐഎസ്എൽ പോലെയുള്ള 3 -4 മാസം മാത്രം നീണ്ടു നിൽക്കുന്ന ഒരു ലീഗിൽ ക്ലബ്ബിനോടുള്ള ആത്മാർത്ഥതയേക്കാൾ പണത്തിനാണ് അവർ മുൻഗണന കൊടുക്കുക. പലപ്പോഴും കളിക്കാരുടെ താല്പര്യങ്ങളെക്കാൾ ഏജന്റുമാരുടെ തീരുമാനങ്ങളാണ് അവരുടെ ട്രാൻസ്ഫറിൽ നടക്കാറുളളത്. ഇത് തന്നെയാണ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച അര്ജന്റീന താരം പെരേര ഡയസിനും സംഭവിച്ചത്.

കഴിഞ്ഞ വർഷം അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. കേരള ടീമിനായി ഫോർവേഡ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആരാധകരുടെ ഇഷ്ട താരമായി മാറി.ക്ലബ്ബിന്റെ മാനേജ്മെന്റിനും ഡയസിനെ നിലനിർത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ വിദേശത്ത് നിന്നുള്ള ഓഫറുകൾ വരെ ഡയസ് നിരസിച്ചിരുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് മുന്നോട്ടു വെച്ചതിനേക്കാൾ മികച്ച ഓഫർ ആ ക്ലബ്ബ് നൽകിയതോടെ ഡയസിന്റെ ക്യാമ്പ് അങ്ങോട്ടേക്ക് തിരിഞ്ഞെന്നും വാർത്തകൾ വന്നു.

ഡയസ് ആ ഓഫർ തെരഞ്ഞെടുക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാൽ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് താരത്തെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. പല ആരാധകരും ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ പിടിപ്പു കേടിനെ പഴിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മുന്നേറ്റ നിരയിൽ അധ്വാനിച്ചു കളിച്ച രണ്ടു താരങ്ങളായ വസ്ക്വാസിനെയും – ഡയസിനെയും നിലനിർത്താൻ സാധിക്കാത്തത് ക്ലബ്ബിന്റെ പിടിപ്പുകേടെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു മികച്ച പ്രകടനം നടത്തിയ നിലനിർത്താൻ സാധിക്കാതിരുന്നത്.

രണ്ടു താരങ്ങൾക്കും പകരക്കാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. യൂറോപ്യൻ ലീഗുകളിൽ കളിച്ചു പരിചയമുള്ള ഓസ്‌ട്രേലിയൻ താരം അപ്പോസ്റ്റോലോസ് ജിയാനോ ഇവരുടെ വിടവ് നികത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും ക്ലബും.ഇനി ഡയസിന് പകരം മറ്റൊരു ഡയസ് അത്ര എളുപ്പമല്ല. എന്നാൽ ഡയസിനെ കണ്ടെത്തിയ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും, പരിശീലകൻ ഇവാനും ചേർന്ന് ഡയസിലും മികച്ച മറ്റൊരു താരത്തെ ടീമിന് നൽകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത്.ആരാധകരെ ഏറ്റവും കൂടുതൽ നിരാശപെടുത്തിയത് ഈ രണ്ടു താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കും എന്നത് തന്നെയാണ്.