ഈ ടീമുകൾ കുതിക്കും അവർ കിതക്കും :പ്രവചിച്ച് മുൻ താരം

ഐപിഎൽ 15-ാം പതിപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള മൂന്ന് ഐപിഎൽ ടീമുകളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. ഐപിഎൽ 2022 സീസണിൽ റിക്കി പോണ്ടിംഗ് പരിശീലകനായ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിംഗ് പരിശീലകനാണ് ഇപ്പോൾ വാട്സൺ. നേരത്തെ, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ഫ്രാഞ്ചൈസികൾക്ക് വേണ്ടി ഷെയ്ൻ വാട്സൺ കളിച്ചിട്ടുണ്ട്.

“ഈ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് ഞാൻ കരുതുന്ന ചില മികച്ച ടീമുകളെ കുറിച്ചുള്ള എന്റെ പ്രവചനങ്ങൾ ഇതാണ്. അതിൽ ഒന്നാമത്, ഡൽഹി ക്യാപിറ്റൽസാണ്. അവർക്കൊപ്പമാണ് ഞാൻ ഇപ്പോൾ ഉള്ളത്, ലേലത്തിൽ അവർ അവിശ്വസനീയമാംവിധം ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കി. ഡൽഹിക്ക് മികച്ച ബാലൻസ് ലഭിച്ചു. പ്രതിഭാധനരായ യുവാക്കളെയും കൂടാതെ മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, റോവ്മാൻ പവൽ എന്നിവരെ പോലെയുള്ള മികച്ച വിദേശ കളിക്കാരും ഡൽഹി ടീമിലുണ്ട്,” വാട്സൺ പറയുന്നു.

“ഡൽഹി ക്യാപിറ്റൽസ് ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ, ഞാൻ ആശ്ചര്യപ്പെടും,” വാട്‌സൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഡൽഹിയെ കൂടാതെ മറ്റ് രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികളിലും മുൻ ഓസ്ട്രേലിയൻ താരം പ്രതീക്ഷ വെക്കുന്നുണ്ട്. “ചെന്നൈ സൂപ്പർ കിംഗ്‌സ് അവർ എപ്പോഴും നന്നായി കളിക്കും. അവർ തങ്ങളുടെ ഒരുപാട് കളിക്കാരെ വീണ്ടും നിലനിർത്തി, അവർ ഡിഫൻഡിംഗ് ചാമ്പ്യന്മാരാണ്, സി‌എസ്‌കെക്കും ഇത്‌ മികച്ച സീസണല്ലെങ്കിൽ ഞാൻ ആശ്ചര്യപ്പെടും,” വാട്സൺ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള മറ്റൊരു ടീം ആർസിബിയാണ്‌. അവരും ഈ ലേലത്തിൽ നല്ല വാങ്ങലുകൾ നടത്തി. ദിനേശ് കാർത്തിക്കിനെ അവർ വാങ്ങി, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവർ വളരെ നന്നായി വാങ്ങിയത് വിദേശ താരങ്ങളെയാണ്. ഗ്ലെൻ മാക്‌സ്‌വെല്ലിനെ അവർ നിലനിർത്തിയിരുന്നു, ക്യാപ്റ്റനായി എത്തിയ ഫാഫ് ഡുപ്ലെസിസ് ഒരു മികച്ച നേതാവും മികച്ച കളിക്കാരനും മികച്ച ബാറ്റ്‌സ്മാനും ആണ്. ഹസരംഗയും ജോഷ് ഹേസൽവുഡും രണ്ട് അത്ഭുതകരമായ താരങ്ങളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.