ഇങ്ങനെ ഒരു പുറത്താകൽ ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം ;കോഹ്ലിക്ക് ആദ്യമായി ഈ നാണക്കേട്

ഏഷ്യ കപ്പ്‌ സൂപ്പർ 4-ലെ ഇന്ത്യ – ശ്രീലങ്ക പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ 174 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ കെഎൽ രാഹുലിനെ (6) അതിവേഗം നഷ്ടമായി. മഹേഷ്‌ തീക്ഷണയുടെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി കെഎൽ രാഹുൽ പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലി ക്രീസിൽ എത്തുകയായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫിഫ്റ്റി അടിച്ച കോഹ്‌ലിക്ക്, ശ്രീലങ്കക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല.

നേരിട്ട നാലാം പന്തിൽ ദിൽഷൻ മധുശങ്കയുടെ ബോളിൽ ബൗൾഡ് ആയി കോഹ്ലി പുറത്താകുമ്പോൾ അദ്ദേഹത്തിന് റൺസ് ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. ഏഷ്യ കപ്പിന്റെ ചരിത്രത്തിൽ ഇത്‌ ആദ്യമായിയാണ് വിരാട് കോഹ്‌ലി ഡക്കിന് പുറത്താകുന്നത്. മാത്രമല്ല, ഇതോടെ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് പുറത്താകുന്ന ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ കോഹ്‌ലി മൂന്നാമതായി.

ടി20 ഫോർമാറ്റിൽ 8 തവണ ഡക്കിന് പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഈ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്. 5 തവണ ഡക്കിന് പുറത്തായ കെഎൽ രാഹുൽ ആണ് ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് പുറത്തായ ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമൻ. മത്സരത്തിലേക്ക് വന്നാൽ, കെഎൽ രാഹുലും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയുടെ രക്ഷകനായി.

രോഹിത് ശർമ്മ (72), സൂര്യകുമാർ യാദവ് (34) എന്നിവർ കാര്യമായ സംഭാവന ചെയ്തപ്പോൾ, മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും 17 വീതം റൺസ് നേടി. വാലറ്റത്ത് ആർ അശ്വിൻ 7 ബോളിൽ ഒരു സിക്സ് ഉൾപ്പടെ 15* റൺസ്‌ നേടി പുറത്താകാതെ നിന്നതോടെ, ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

Rate this post