വിഷ്ണു വിനോദ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലേക്കൊ? ഈ താരങ്ങളുടെ പരിക്ക് മലയാളി താരത്തിന് തുണയാകുമോ

പുരോഗമിക്കുന്ന ഐപിഎൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷം, തുടർന്നുള്ള മത്സരങ്ങളിൽ ജയം നേടി വിജയ വഴിയിൽ തിരിച്ചെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാമ്പിൽ ആശങ്ക. മികച്ച ഫോമിലുള്ള ഓൾറൗണ്ടർ വാഷിംഗ്‌ടൺ സുന്ദറിനും ബാറ്റർ രാഹുൽ ട്രിപാഠിക്കും പരിക്ക് പറ്റിയതാണ് കെയ്ൻ വില്യംസൺ നയിക്കുന്ന എസ്ആർഎച്ചിന് തിരിച്ചടിയായിരിക്കുന്നത്.

സൺറൈസേഴ്സിന്റെ അടുത്ത രണ്ട് മത്സരങ്ങളിലും വാഷിംഗ്‌ടൺ സുന്ദറിന്റെ സേവനം ഫ്രാഞ്ചൈസിക്ക് ലഭ്യമായേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇരു താരങ്ങളുടെയും അഭാവം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിന് തുണയാകുമോ എന്നാണ് മലയാളി ക്രിക്കറ്റ്‌ ആരാധകർ ഉറ്റുനോക്കുന്നത്. വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നികോളാസ് പൂരന് സബ്ബായിയാണ്‌ എസ്ആർഎച്ച് വിഷ്ണു വിനോദിനെ ഐപിഎൽ താരലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

എന്നാൽ, നികോളാസ് പൂരൻ മികച്ച ഫോമിലായതിനാൽ, ടീമിൽ ഒരു വിക്കറ്റ് കീപ്പറുടെ റോളിൽ സ്ഥാനം കണ്ടെത്തുന്നത് വിഷ്ണു വിനോദിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും. ഈ സാഹചര്യത്തിലാണ് ടീമിലെ പ്രധാന തരങ്ങൾക്കേറ്റ പരിക്ക് വിഷ്ണു വിനോദിന് സഹായകരണകുമോ എന്ന ചോദ്യം ഉയരുന്നത്. പവർ ഹിറ്റർ ബാറ്റർമാരുടെ എണ്ണം വളരെ കുറവായ ഹൈദരാബാദ് ബാറ്റിംഗ് ലൈനപ്പിൽ, വിഷ്ണു വിനോദ് എന്ന പവർ ഹിറ്റർക്ക് എന്തുകൊണ്ടും തിളങ്ങാനാവും.

42 ടി20 മത്സരങ്ങളില്‍ നിന്ന് 33.90 ബാറ്റിംഗ് ശരാശരിയോടെ ഏഴ് അര്‍ധ സെഞ്ച്വറിയടക്കം 139.20 സ്‌ട്രൈക്ക് റേറ്റില്‍ 1051 റണ്‍സ് വിഷ്ണു വിനോദ് നേടിയിട്ടുണ്ട്. 38 മത്സരങ്ങളില്‍ നിന്ന് 42.82 ശരാശരിയില്‍ അഞ്ച് സെഞ്ച്വറികളും നാല് അര്‍ധ സെഞ്ച്വറികളും ഉൾപ്പടെ 1499 റണ്‍സ് നേടിയ കേരളത്തിന്റെ യുവതാരം ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.