സീനിയർ താരങ്ങൾ തിരിച്ചെത്തുമ്പോൾ യുവതാരങ്ങൾ വഴിമാറണം; ഈ സമ്പ്രദായം അവസാനിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്

യുവതാരങ്ങൾക്ക് ടീം ഇന്ത്യ അർഹിക്കുന്ന അവസരങ്ങൾ നൽകുന്നില്ല എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് കുറ്റപ്പെടുത്തി. യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകൾക്ക് മാത്രം ഉപയോഗിക്കുകയും, മേജർ ടൂർണമെന്റുകൾ വരുമ്പോൾ യുവതാരങ്ങളെ തഴഞ്ഞ് സീനിയർ താരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്ന സെലക്ടർമാരുടെ രീതി ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം തുറന്നടിച്ചു. ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ ആണ് സെവാഗ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് മുൻപായി നടന്ന ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ യുവതാരങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, ഏഷ്യ കപ്പ്, ലോകകപ്പ് തുടങ്ങിയ മേജർ ടൂർണമെന്റുകൾ എത്തിയപ്പോൾ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ തുടങ്ങിയ കളിക്കാർക്ക് അവസരം നൽകുകയും, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ തുടങ്ങിയ യുവതാരങ്ങളെ തഴയുകയും ചെയ്തിരുന്നു.

“ദ്വിരാഷ്ട്ര പരമ്പരകളിൽ ടീം ഇന്ത്യ യുവതാരങ്ങളെ പരീക്ഷിക്കുന്നു. എന്നാൽ, മേജർ ടൂർണമെന്റുകൾ വരുമ്പോൾ സീനിയർ താരങ്ങൾക്കായി യുവതാരങ്ങളെ തഴയുന്നു. അതുകൊണ്ട് തന്നെ, ദ്വിരാഷ്ട്ര പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കൊണ്ട്, യുവതാരങ്ങൾക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുന്നത്. ഈ രീതി സെലക്ടർമാർ മാറ്റേണ്ടതുണ്ട്,” സെവാഗ് പറയുന്നു. സീനിയോരിറ്റി അല്ല ഫോം ആണ് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ആക്കേണ്ടത് എന്നും സെവാഗ് വ്യക്തമാക്കി.

“മികവ് പുലർത്തുന്ന യുവതാരങ്ങൾക്ക് മേജർ ടൂർണമെന്റുകളിൽ അടക്കം കൂടുതൽ അവസരങ്ങൾ നൽകണം. മികവ് പുലർത്താത്ത സീനിയർ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് നന്ദി എന്ന് പറയണം,” സെവാഗ് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിൽ തന്നെ, ഫോമിൽ ഉണ്ടായിരുന്ന യുവതാരങ്ങളെ തഴഞ്ഞാണ് കെഎൽ രാഹുൽ ഉൾപ്പെടെയുള്ള കളിക്കാർക്ക് അവസരം നൽകിയത്. ഇനി നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ആകട്ടെ, ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി വീണ്ടും യുവതാരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു.