എന്തുകൊണ്ടാണ് ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരം നൽകുന്നത്? ഒടുവിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ

ഋഷഭ് പന്ത് – സഞ്ജു സാംസൺ എന്നിവരിൽ ആരാണ് യഥാർത്ഥത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം അർഹിക്കുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ച വലിയ രീതിയിൽ വ്യാപിക്കുകയാണ്. ആരാധകർക്കിടയിൽ തുടങ്ങിയ ചർച്ചയും വാദങ്ങളും ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും ഏറ്റെടുത്തതോടെ ദേശീയതലത്തിൽ സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പറെ എന്തുകൊണ്ടാണ് തുടർച്ചയായി ബിസിസിഐ അവഗണിക്കുന്നത് എന്ന വിഷയം വലിയ ചർച്ചയായി മാറി.

ന്യൂസിലാൻഡിനെതിരായ ഏകദിന, ടി20 പരമ്പരകൾ അവസാനിക്കുമ്പോൾ, രണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടായിരുന്ന സഞ്ജു സാംസണ് ആകെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. അതേസമയം എല്ലാ കളികളിലും കളിക്കാൻ അവസരം ലഭിച്ച ഋഷഭ് പന്ത് ആകട്ടെ ഒരു മികച്ച ഇന്നിംഗ്സ് പോലും കാഴ്ചവെച്ചില്ല. എന്നാൽ, ഋഷഭ് പന്ത് ഒരു മോശം പ്ലെയർ ആണെന്നല്ല പറഞ്ഞു വരുന്നത്. ടെസ്റ്റ്‌ ഫോർമാറ്റിൽ തന്റെ മികവ് തെളിയിച്ച ഋഷഭ് പന്തിന്, ആ മികവ് വൈറ്റ് ബോൾ ഫോർമാറ്റിൽ കാഴ്ചവെക്കാൻ ആയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക് ശേഷം, എന്തുകൊണ്ടാണ് ഋഷഭ് പന്തിന് തുടർച്ചയായി മത്സരങ്ങളിൽ അവസരം നൽകുന്നത് എന്നതിനെക്കുറിച്ച് പരിശീലകൻ വിവിഎസ് ലക്ഷ്മൺ സംസാരിച്ചു. “ഓരോ കളിക്കാർക്കും അവസരങ്ങൾ നൽകുകയും, അവർ തിരഞ്ഞെടുക്കപ്പെടാത്തപ്പോഴെല്ലാം അവരെ അറിയിക്കുകയും ചെയ്യുന്നു. പന്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നു. അദ്ദേഹം ഓൾഡ് ട്രാഫോർഡിൽ ഒരു സുപ്രധാന സെഞ്ച്വറി നേടിയിട്ട് അധികം ആയില്ലല്ലോ, അവനെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്,” ലക്ഷ്മൺ പറഞ്ഞു.

“എത്ര വലിയ ഔട്ട്‌ഫീൽഡുകളാണെങ്കിലും ഗ്രൗണ്ട് ക്ലിയർ ചെയ്യുന്നതിൽ ടി20 ക്രിക്കറ്റ് ബാറ്റർമാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി, അവർ റേഞ്ച്-ഹിറ്റിംഗിലും വളരെയധികം പ്രവർത്തിക്കുന്നു,” ലക്ഷ്മൺ പ്രൈം വീഡിയോയോട് പറഞ്ഞു. ഋഷഭ് പന്ത് ഇതുവരെ 30 ഏകദിന മത്സരങ്ങളിൽ നിന്ന് 34.60 ശരാശരിയിൽ 865 റൺസ് നേടിയിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ പന്തിന്റെ പ്രകടനം ദയനീയമാണ്.

Rate this post