ഇത് ഇടംകയ്യൻ ധോണി തന്നെ!!!താരത്തിന് കരിയറിൽ സംഭവിച്ചത്

2006-07 രഞ്ജി ട്രോഫിയിൽ ജാർഖണ്ഡ് ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു 17-കാരൻ അരങ്ങേറ്റം കുറിച്ചു, പേര് സൗരഭ് തിവാരി. തുടർന്ന്, 2008-ൽ ഇന്ത്യ ജേതാക്കളായ അണ്ടർ 19 ലോകകപ്പിൽ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയവർ അണിനിരന്ന ഇന്ത്യൻ ടീമിലെ നിർണ്ണായക മധ്യനിര ബാറ്ററായി സൗരഭ് തിവാരി തിളങ്ങി. ആ പ്രകടനം അദ്ദേഹത്തെ പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാക്കി.

തുടർന്നുള്ള ഐപിഎൽ സീസണുകളിലും മുംബൈ ടീമിന്റെ ഭാഗമായ തിവാരി, 2010 ഐപിഎൽ പതിപ്പിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ ശ്രദ്ധേയനാകുന്നത്. 2010 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 29.92 ശരാശരിയിൽ 135.59 സ്ട്രൈക്ക് റേറ്റോടെ 419 റൺസാണ് സൗരഭ് തിവാരി നേടിയത്. ആ പ്രകടനം അദ്ദേഹത്തെ, ഐപിഎല്ലിന്റെ മൂന്നാം പതിപ്പിലെ മികച്ച യുവ താരമാക്കുകയും, ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള കോൾ-അപ്പ് ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്തു

2010 ഐപിഎൽ സീസണിലെ പ്രകടനത്തോടെ, എംഎസ് ധോണിയുടെ ജന്മനാടായ ജാർഖണ്ഡിൽ നിന്ന് തന്നെയാണ് തിവാരിയും വരുന്നത് എന്നത് കൊണ്ടും, മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും സൗരഭ് തിവാരിയെ’ഇടംകൈയ്യൻ എംഎസ് ധോണി’ അഥവ ‘എംഎസ് ധോണിയുടെ ഇടംകൈയ്യൻ പതിപ്പ്’ എന്നെല്ലാം വിശേഷിപ്പിച്ചു. എന്നാൽ, 2010 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കോൾ-അപ്പ് ലഭിച്ചെങ്കിലും, ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ തിവാരിക്ക്‌ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ, 2010 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ തിവാരി തന്റെ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു.തുടർന്ന്, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡയർഡെവിൾസ്‌, റൈസിംഗ് പൂനെ സൂപ്പർജിയന്റ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി തിവാരി കളിച്ചെങ്കിലും, അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം കണ്ടെത്താനായില്ല.

അതിന് ഒരു പ്രധാന വെല്ലുവിളി ആയത് അദ്ദേഹത്തിന്റെ അമിത ഭാരമുള്ള ശരീര ഘടനയും, തുടർച്ചയായ പരിക്കുകളും ആയിരുന്നു. എതിർ ബൗളർമാരെ നിലംപരിഷാക്കി ബൗണ്ടറികൾ നേടാനുള്ള കഴിവുണ്ടെങ്കിലും, ഫീൽഡിംഗിലും, റൺസുകൾക്കായുള്ള റണ്ണിംഗിലും തിവാരി പെട്ടെന്ന് ക്ഷീണിതനാകുന്നതായി അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ താര സമ്പന്നമായ ഇന്ത്യൻ ടീമിൽ, മൂന്ന് മത്സരങ്ങൾ മാത്രം കളിക്കാനെ ആ ‘ഇടംകൈയ്യൻ എംഎസ് ധോണി’ക്ക്‌ ആയൊള്ളു.