സൂപ്പർ താരങ്ങൾക്ക് കരിയർ എൻഡോ 😱ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ വമ്പൻ മാറ്റങ്ങൾ

വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കി രോഹിത് ശർമ്മയെ പരിമിത ഓവർ ക്രിക്കറ്റ്‌ ടീമിന്റെ നായകനായി നിയമിച്ചത് മുതൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാറ്റത്തിന്റെ പാതയിലാണ് എന്ന് ബിസിസിഐ പരസ്യമാക്കിയിരുന്നു. തുടർന്ന്, ടെസ്റ്റ്‌ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും കോഹ്‌ലി ഒഴിഞ്ഞതോടെ, പുതിയ ക്യാപ്റ്റനെ തേടുന്നതിനോടൊപ്പം ടെസ്റ്റ്‌ ടീമിൽ വലിയ അഴിച്ചു പണികൾക്കും ഇന്ത്യൻ ടീം തയ്യാറെടുക്കുകയാണ്.

ഇതിന്റെ ആദ്യ പടി ആയിയാണ്, സീനിയർ താരങ്ങളായ ചെതേശ്വർ പൂജാരയോടും, അജിങ്ക്യ രഹാനെയോടും ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി രഞ്ജി ട്രോഫി കളിച്ച് പ്രകടനം മെച്ചപ്പെടുത്താൻ നിർദേശിച്ചത്. രഞ്ജിയിലും മോശം ഫോം തുടർന്നാൽ, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോകേണ്ടി വരും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഗാംഗുലി ഇരുവർക്കും നൽകിയിരിക്കുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ വെറ്റെറൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയേയും, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയേയും ടെസ്റ്റ്‌ ടീമിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുകയാണ് എന്നതിന്റെ സൂചനകൾ നൽകിയിരിക്കുകയാണ്.

റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആവുകയും, ടെസ്റ്റ്‌ ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോൾ കെഎസ് ഭരത് മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ, ഇന്ത്യൻ ടീമിൽ ഇനി തനിക്ക് അവസരം ഇല്ല എന്ന് മനസ്സിലാക്കിയ വൃദ്ധിമാൻ സാഹ, നേരത്തെ തന്നെ താൻ രഞ്ജി ട്രോഫിയിൽ കളിക്കില്ല എന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ, രഞ്ജി ട്രോഫിക്കുള്ള ഡൽഹി ടീമിൽ നിന്ന് ഇഷാന്ത് ശർമ്മയും വിട്ടുനിൽക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടെസ്റ്റിൽ ഉമേഷ്‌ യാഥവിന് അവസരം കൊടുത്തപ്പോഴും, ഇഷാന്തിന് ഒരു അവസരം നൽകിയിരുന്നില്ല. ഇതായിരിക്കാം താരത്തിന്റെ ഭാവി പ്രതീക്ഷകളെ കോട്ടം വരുത്തിയിരിക്കുന്നത്.

33 കാരനായ ഇഷാന്ത് 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 311 വിക്കറ്റുകൾ നേടിയ നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനാണ്. “എപ്പോൾ, കളിക്കണമെന്ന് പറഞ്ഞാലും, ഇഷാന്തിനെ ടീമിൽ ഉൾപ്പെടുത്തും. അവൻ ഡൽഹിയുടെ ഇതിഹാസതാരമാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അയാൾക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല, അവൻ രഞ്ജി ടീമിന്റെ പരിശീലന സെഷനുകളിൽ ഒന്നും പങ്കെടുക്കുന്നില്ല,” ഒരു മുതിർന്ന ഡിഡിസിഎ സെലക്ടർ പറഞ്ഞു.