ഓപ്പണർ അർഷദീപ് ബൗളർ അർഷദീപ് 😱😱ആർഷ്ദീപ് സിംഗുമാരുടെ എണ്ണമെടുത്ത്‌ ആരാധകർ

ഇന്ത്യ വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ കൗതുകമുണർത്തി ഒന്നിൽകൂടുതൽ താരങ്ങൾ ഒരേ പേരുള്ള ജേഴ്സി ധരിച്ച് കളിക്കാനിറങ്ങി. സെന്റ് കിറ്റ്സ് ദ്വീപിലെ വാർണർ പാർക്കിൽ നടന്ന മത്സരത്തിലാണ് ചിരി പടർത്തിയ രംഗം അരങ്ങേറിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും സൂര്യകുമാർ യാദവും കളത്തിലിറങ്ങി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു ആർഷദീപ് സിംഗിന്റെ ‘2’ നമ്പർ ജേഴ്സി അണിഞ്ഞാണ് സുര്യകുമാർ വന്നത്. പിന്നീട് ഇന്ത്യ ഫീൽഡ് ചെയ്യാൻ ഇറങ്ങിയപ്പോൾ ആവേശ് ഖാനും ധരിച്ചത് ആർഷദീപ് സിംഗിന്റെ ജേഴ്സി തന്നെ ആയിരുന്നു. അതോടെ ഗ്രൗണ്ടിൽ മൂന്ന് പേർക്ക് ഒരേ ജേഴ്സി ആയി.

നേരത്തെ ടീം ലഗേജ് എത്താൻ സമയം വൈകിയത് കൊണ്ട് മത്സരം മൂന്ന് മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം തുടങ്ങിയപ്പോൾ രാത്രി പതിനൊന്ന് മണിയായി. ഒരുപക്ഷേ ചില താരങ്ങളുടെ ലഗേജ് കൃത്യസമയത്ത് എത്തിചേർന്നിട്ടുണ്ടാവില്ല. അത് കാരണമായിരിക്കും ഇങ്ങനെ കളിക്കാൻ ഇറങ്ങിയത്. മുൻപ് ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ ദീപക് ഹൂഡ പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്സി ധരിച്ച് കളത്തിൽ ഇറങ്ങിയിരുന്നു. എന്തായാലും ഇന്നലത്തെ സംഭവം സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വിജയിച്ച് വെസ്റ്റിൻഡീസ് പരമ്പര 1-1 എന്ന നിലയിൽ ഒപ്പമെത്തി. ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ മൂന്നാം മത്സരം ഇന്ന് രാത്രി 9:30 മണിക്കാണ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളിലും പരാജയമായ പന്തിനെയും അയ്യരെയും ഇന്ത്യ പുറത്ത് ഇരുത്തുമോ എന്ന് കണ്ടറിയണം.