മലയാളികൾക്ക് നിരാശ!! ശ്രീശാന്തിനും സുരേഷ് റെയ്നക്കും ആവശ്യക്കാർ ഇല്ല!

2022 ഐപിഎൽ മെഗാതാരലേലം അവസാനിക്കുമ്പോൾ മലയാളികൾക്കും ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്കും നിരാശ. മലയാളി പേസർ എസ് ശ്രീശാന്തിൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും താത്പര്യം കാണിക്കാതെ വന്നതോടെ, ശ്രീ അൺസോൾഡ് പട്ടികയിൽ ആവുകയായിരുന്നു. 50 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ആരാധകർ ‘മിസ്റ്റർ ഐപിഎൽ’ എന്നും ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ‘ചിന്ന തല’ എന്നും ഇഷ്ടത്തോടെ വിളിക്കുന്ന സുരേഷ് റെയ്നയ്ക്കും താരലേലത്തിൽ ആവശ്യക്കാർ ഇല്ലാതെ വന്നത് ക്രിക്കറ്റ്‌ ആരാധകരെ നിരാശരാക്കി. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ഐപിഎല്ലിൽ സജീവമായി കളിച്ചിരുന്ന താരമാണ് റെയ്ന.

ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്ന ശ്രീശാന്ത്, 2013 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നതിനിടെ വാതുവെപ്പ് വിവാദത്തിൽ ഏർപ്പെടുകയും, തുടർന്ന് അദ്ദേഹത്തിന് ബിസിസിഐ ലൈഫ് ടൈം ബാൻ നൽകുകയും ചെയ്തിരുന്നു. തുടർന്ന്, കോടതി ഇടപെട്ട് വിലക്ക് നീക്കിയതോടെയാണ് ശ്രീശാന്ത് കളിക്കളത്തിൽ സജീവമായത്. നിലവിൽ കേരള രഞ്ജി ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്.

കിംഗ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്‌ക്കേഴ്സ് കേരള, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകളുടെ ഭാഗമായി 6 ഐപിഎൽ സീസണുകളിൽ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഇതുവരെ വിവിധ ഫ്രാഞ്ചൈസികൾക്കായി 44 മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത്, 8.14 ഇക്കണോമിയോടെ 29.9 ശരാശരിയിൽ 40 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.