എന്റെ ചെക്കനെ കളിയാക്കുന്നോടാ; മുഹമ്മദ് സിറാജിനെ പരിഹസിച്ച ബംഗ്ലാദേശ് താരത്തിന് മറുപടി നൽകി വിരാട് കോഹ്ലി
ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ വിരാട് കോഹ്ലി ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും, തന്റെ വീര്യത്തിനും തന്റേടത്തിനും ഒരു കോട്ടവും പറ്റിയിട്ടില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ എല്ലാം കോഹ്ലിയുടെ സെലിബ്രേഷനുകളും എതിർ ടീമിലെ കളിക്കാരോടുള്ള തർക്കങ്ങളും എല്ലാം വളരെ അഗ്രസീവ് ആണ് എന്ന് ക്രിക്കറ്റ് ലോകത്ത് ഒരു അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് കോഹ്ലി കൂടുതൽ ശാന്ത സ്വഭാവക്കാരനാവുകയായിരുന്നു.
എന്നിരുന്നാലും, തന്നെ ചൊടിപ്പിക്കാൻ വരുന്ന എതിർ കളിക്കാരോട് യാതൊരു ക്ഷമയും കോഹ്ലി കാണിച്ചിരുന്നില്ല. ഗ്ലെൻ മാക്സ്വൽ, കെസിറിക് വില്യംസ് തുടങ്ങിയ കളിക്കാരൊക്കെ കോഹ്ലിയുടെ പ്രതികാരങ്ങൾക്ക് ഇരകളായവരാണ്. ഇപ്പോഴിതാ, ബംഗ്ലാദേശ് ബാറ്റർ ലിറ്റൺ ദാസിനാണ് കോഹ്ലിയുടെ ചൂടൻ മറുപടി ലഭിച്ചത്. ലിറ്റൺ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ സ്ലഡ്ജ് ചെയ്തതിനാണ് കോഹ്ലി മറുപടി നൽകിയത്. ഇന്നിങ്സിന്റെ ആദ്യ ബോളിൽ തന്നെ ബംഗ്ലാദേശ് ഓപ്പൺ നജ്മുൽ ഹുസൈൻ ഷാന്റോയെ (0) മുഹമ്മദ് സിറാജ് ഗോൾഡൻ ഡക്കിന് പുറത്താക്കിയിരുന്നു.

ശേഷം, മത്സരത്തിന്റെ ഒരു വേളയിൽ ലിറ്റൺ സിറാജിനെ സ്ലഡ്ജ് ചെയ്യുകയായിരുന്നു. ശേഷം, ലിറ്റൺ തന്റെ ചെവിയുടെ അരികിൽ കൈവെച്ച് ഒരു പ്രതികരണവും കേൾക്കാനില്ലല്ലോ എന്ന തരത്തിൽ ഒരു ആക്ഷൻ കാണിക്കുകയും ചെയ്തു. എന്നാൽ, മത്സരത്തിന്റെ 14-ാം ഓവറിലെ രണ്ടാം ബോളിൽ മുഹമ്മദ് സിറാജ് തന്നെ ലിറ്റൺ ദാസിനെ (24) ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. തുടർന്ന്, ഇനി ശബ്ദമുയർത്തരുത് എന്ന തരത്തിൽ ഒരു ആക്ഷൻ കാണിച്ച് സിറാജ് തന്റെ വിക്കറ്റ് സെലിബ്രേഷൻ നടത്തി.
എന്നാൽ, ലിറ്റൺ നേരത്തെ കാണിച്ച ആക്ഷൻ കോഹ്ലിയുടെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. കോഹ്ലി തന്റെ ചെവിക്കരികിൽ കൈവെച്ച് ലിറ്റൺ കാണിച്ച അതേ ആക്ഷൻ നടത്തി തന്റെ പ്രതികരണം അറിയിച്ചു. തുടർന്ന് മുഹമ്മദ് സിറാജ് കോഹ്ലിയെ അനുകരിച്ച് ലിറ്റൺ ദാസിന് മറുപടി നൽകി. കോഹ്ലി തന്റെ പഴയകാല വീര്യം പുറത്തെടുത്തത് ആരാധകരെയും ആവേശത്തിലാക്കി.