അവനിൽ എനിക്ക് അത്ഭുതമില്ല😱😱തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

ചൊവ്വാഴ്ച (മെയ് 10) പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 57-ാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 62 റൺസ് ജയം. ഇതോടെ 12 കളികളിൽ നിന്ന് 18 പോയിന്റ് നേടിയ ടൈറ്റൻസ് ഐപിഎൽ 15-ാം പതിപ്പിലെ ആദ്യ പ്ലേഓഫ് മത്സരാർത്ഥികളായി. ഐപിഎൽ 2022-ലെ പുതുമുഖങ്ങളായ ഗുജറാത്ത്‌ ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റയുടെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും നേതൃത്വത്തിൽ വിസ്മയകരമായ യാത്രയാണ്‌ ഇപ്പോൾ തുടരുന്നത്.

ഇപ്പോഴിതാ, ഹാർദിക് പാണ്ഡ്യയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഈ വർഷത്തെ ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തിയത്. ഓൾറൗണ്ടറുടെ നേതൃത്വത്തിൽ ടൈറ്റൻസ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രവി ശാസ്ത്രിയുടെ അഭിപ്രായത്തിൽ കെഎൽ രാഹുലും ഹാർദിക് പാണ്ഡ്യയുമാണ് അദ്ദേഹത്തെ ഈ ഐപിഎൽ സീസണിൽ ആശ്ചര്യപ്പെടുത്തിയ ക്യാപ്റ്റന്മാർ.

ഹാർദിക് പാണ്ഡ്യക്ക് കളിയെക്കുറിച്ച് അപാരമായ അറിവുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. “ഒരു സംശയവുമില്ല, ഈ സീസണിലെ മികച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്, കാരണം അവന് ഈ റോളിൽ മുൻ പരിചയമില്ല. എന്നാൽ, അവന്റെ ഗെയിം പ്ലാനും ഗ്രാഹ്യവും മികച്ചതാണെന്ന് എല്ലാവർക്കും മനസ്സിലായി. അതേസമയം നേരത്തെ ഏകദിന ക്രിക്കറ്റിൽ കെഎൽ രാഹുൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതിനാൽ അവനെക്കുറിച്ച് നേരത്തെ തന്നെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു,” രവി ശാസ്ത്രി പറഞ്ഞു.

11 കളികളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 41.62 ശരാശരിയിൽ 344 റൺസ് നേടിയ പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. “ഹാർദിക് ചിലരെ ആശ്ചര്യപ്പെടുത്തിയിരിക്കാം, പക്ഷേ അവന്റെ പ്രകടനം എന്നെ ഞെട്ടിക്കില്ല, കാരണം അവന്റെ മനോഭാവവും, പ്രത്യേകിച്ച്, വൈറ്റ്-ബോൾ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഗ്രാഹ്യവും എനിക്കറിയാമായിരുന്നു,” ശാസ്ത്രി കൂട്ടിച്ചേർത്തു.