നാളെ അവർ കളിക്കണം!! ഇന്ത്യൻ പ്ലെയിങ് ഇലവനെ നിർദ്ദേശിച്ച് രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രി തന്റെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു. വർഷങ്ങൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ വിക്കറ്റ്കീപ്പർ ദിനേഷ് കാർത്തിക്കിനെയും യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെയും അദ്ദേഹം തന്റെ ടീമിൽ ഉൾപ്പെടുത്തിയില്ല. സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഗെയിം പ്ലാൻ’ എന്ന പരിപാടിയിലാണ് രവി ശാസ്ത്രി തന്റെ പ്ലെയിങ് ഇലവൻ വെളിപ്പെടുത്തിയത്.

ക്യാപ്റ്റൻ കെഎൽ രാഹുലിനൊപ്പം ഓപ്പണിംഗ് പാർട്ണറായി ഋതുരാജ് ഗെയ്‌ക്‌വാദിനെയാണ്‌ ശാസ്ത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ 3-ാം നമ്പറിലേക്ക് അദ്ദേഹം ഇഷാൻ കിഷനെ തിരഞ്ഞെടുത്തു. “ആളുകൾ ആഗ്രഹിക്കുന്ന കളിക്കാർക്കൊപ്പമാണ് ഞാൻ ആദ്യം പോകുന്നത്, രാഹുലും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കാം. ആദ്യ മത്സരത്തിൽ ഇഷാനെ (കിഷൻ) ഉൾപ്പെടുത്തിയാൽ, അവൻ മൂന്നാം നമ്പറിൽ ബാറ്റ്‌ ചെയ്തേക്കും,” ശാസ്ത്രി പറഞ്ഞു.

ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെയാണ് മുൻ ഇന്ത്യൻ പരിശീലകൻ തന്റെ അടുത്ത മൂന്ന് ബാറ്റർമാരായി തിരഞ്ഞെടുത്തത്. “ഇഷാൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്താൽ, പിന്നീട് ശ്രേയസ് (അയ്യർ) നമ്പർ 4, (ഋഷഭ്) പന്ത് നമ്പർ 5, ഹാർദിക് (പാണ്ഡ്യ) നമ്പർ 6 എന്നിങ്ങനെ ആയിരിക്കും,” മുൻ ഇന്ത്യൻ പരിശീലകൻ പറയുന്നു. സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ അക്സർ പട്ടേലിനെ ഏഴാം നമ്പറിലും, യുസ്വേന്ദ്ര ചാഹലിനെ സ്പെഷ്യലിസ്റ്റ് സ്പിൻ ബൗളറായും ശാസ്ത്രി തിരഞ്ഞെടുത്തു.

ഭുവനേശ്വർ കുമാറിനെയും ഹർഷൽ പട്ടേലിനെയും പേസർമാരായി ടീമിൽ ഉൾപ്പെടുത്തിയ ശാസ്ത്രി, പുതുമുഖങ്ങളായ അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരിൽ ഒരാൾ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുമെന്ന് പറഞ്ഞു. “ഏഴാം നമ്പറിൽ അക്സർ പട്ടേലായിരിക്കും. എട്ട് ഭുവനേശ്വർ കുമാറും പിന്നെ ചഹൽ, അർഷ്ദീപ് സിംഗ്/ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിങ്ങനെ ആയിരിക്കും ബാറ്റിംഗ് ഓർഡർ. ഉംറാൻ അല്ലെങ്കിൽ അർഷ്ദീപ് ഗ്രൗണ്ടിനെയും പിച്ച് എങ്ങനെയാണെന്നും ആശ്രയിച്ചിരിക്കുന്നു,” രവി ശാസ്ത്രി വിശദീകരിച്ചു.