മൊഹ്സിൻ ഖാനെ പരിശീലിപ്പിച്ചത് മുഹമ്മദ്‌ ഷമി ; അപ്പോൾ പിന്നെ മൊഹ്‌സിൻ ചില്ലറക്കാരനാകില്ലല്ലോ എന്ന് കോച്ച്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ലെഫ്റ്റ് ആം പേസർ മൊഹ്‌സിൻ ഖാൻ ഐപിഎൽ 2022ലെ മികച്ച കണ്ടെത്തലുകളിൽ ഒരാളാണ്. സീസണിൽ ഇതിനകം നാല് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ വീഴ്ത്തിയ 23-കാരൻ, മെയ് 1-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, 4 ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി തന്റെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മത്സരത്തിൽ, ഡേവിഡ് വാർണർ, ഋഷഭ് പന്ത്, റോവ്മാൻ പവൽ എന്നിവരുടെ നിർണായക വിക്കറ്റുകൾ ഉൾപ്പടെ നേടിയ മൊഹ്‌സിൻ, എൽഎസ്ജിയുടെ ആറ് റൺസ്‌ ജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചപ്പോൾ, പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും മൊഹ്‌സിൻ ഖാനെ തേടിയെത്തി. മോഹസിൻ ഖാനെ മികച്ച ബൗളറായി വളർത്തിയെടുത്തതിൽ ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ്‌ ഷമിക്ക് വലിയ പങ്കുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹസിന്റെ ബാല്യകാല പരിശീലകൻ ബദ്‌റുദ്ദീൻ സിദ്ദിഖി.

ലോക്ക്ഡൗൺ സമയത്ത് താനും മോഹ്സിനും ഷമിയുടെ പ്രൈവറ്റ് ഗ്രൗണ്ടിൽ ഒരുമിച്ച് പരിശീലനം നടത്തിയിരുന്നതായി പിടിഐയോട് സംസാരിക്കവെ ബദ്‌റുദ്ദീൻ വെളിപ്പെടുത്തി. “ഞങ്ങൾ കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഷമിയെ കണ്ട് പരിശീലിപ്പിക്കാനും പഠിക്കാനും വേണ്ടിയാണ് ഞാൻ മൊഹ്‌സിനെ വിളിച്ചത്. ഷമിയെ നോക്കാനും അദ്ദേഹം എങ്ങനെ പരിശീലിക്കുന്നു എന്നതിനെ കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും ഞാൻ ഷമിയെ ശ്രദ്ധിച്ചു,” ബദ്‌റുദ്ദീൻ പറഞ്ഞു.

“എനിക്ക് തോന്നിയത് മൊഹ്‌സിനിൽ ഷമി മതിപ്പുളവാക്കുകയും, അദ്ദേഹം മൊഹ്സിന് ധാരാളം ട്രിക്കുകൾ നൽകുകയും ചെയ്തു. അദ്ദേഹം പലപ്പോഴും മൊഹ്‌സിൻ്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്,” ബദ്‌റുദ്ദീൻ സിദ്ദിഖി പറയുന്നു. “മാത്രമല്ല, നിങ്ങൾ അവന്റെ ബൗളിംഗ് മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു, പക്ഷേ അവൻ ഒരു പോലെ കഴിവുള്ള ഹിറ്റിംഗ് ബാറ്ററുമാണ്,” പരിശീലകൻ കൂട്ടിച്ചേർത്തു. ഐപിഎൽ 2022ലെ 53-ാം മത്സരത്തിൽ ശനിയാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ എൽഎസ്ജി അടുത്തതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോൾ മൊഹ്‌സിൻ വീണ്ടും തിളങ്ങും എന്ന് പ്രതീക്ഷിക്കാം.