മൈതാനത്തിറങ്ങി പുകവലിച്ച് അഫ്‌ഘാൻ താരം ; പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതക്ക്‌ ചേർന്നതല്ല എന്ന് താരത്തിന് താക്കീത്

സ്റ്റേഡിയത്തിൽ, ഗ്രൗണ്ടിലിറങ്ങി പുകവലിച്ച അഫ്‌ഘാൻ താരം മുഹമ്മദ് ഷഹ്സാദിന് മാച്ച് അധികൃതരുടെ ശാസന. “കളിയുടെ സ്പിരിറ്റിന് വിരുദ്ധമായ പെരുമാറ്റവുമായി ബന്ധപ്പെട്ട ബിസിബി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.20 ന്റെ ലംഘനമാണ് അദ്ദേഹത്തിന്റെ നടപടിയെന്ന് കണ്ടെത്തിയതിനാൽ, ഷഹ്‌സാദിന്റെ അച്ചടക്ക രേഖയിൽ ഒരു ഡിമെറിറ്റ് പോയിന്റ് ചേർത്തു.

കഴിഞ്ഞ ദിവസം, കൊമില്ലാ വിക്ടോറിയൻസും മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയും തമ്മിലുള്ള ബിപിഎൽ മത്സരം മഴ മൂലം ആരംഭിക്കുന്നത് വൈകിയിരുന്നു. മഴ മാറി നിന്ന സമയം, മത്സരം പുനരാരംഭിക്കുന്നതുമായ ബന്ധപ്പെട്ട ചർച്ചകൾക്കായി ഗ്രൗണ്ടിൽ ഇറങ്ങിയ കളിക്കാരിൽ ഷഹ്സാദും ഉണ്ടായിരുന്നു. അപ്പോഴായിരുന്നു വിവാദങ്ങൾക്ക് ആസ്പതമായ സംഭവം നടന്നത്. ഒടുവിൽ മഴ മൂലം വെള്ളിയാഴ്‌ചത്തെ രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചെങ്കിലും, സ്‌റ്റേഡിയത്തിനുള്ളിൽ പുകവലി നിയമം ഷഹ്‌സാദ് ലംഘിച്ചു എന്നതാണ് ചർച്ചാവിഷയം.

ബിസിബിയുടെ പത്രക്കുറിപ്പ് പ്രകാരം, ഷഹ്‌സാദ് കുറ്റം സമ്മതിക്കുകയും മാച്ച് റഫറി നീയാമുർ റഷീദിന്റെ നിർദേശം അംഗീകരിക്കുകയും ചെയ്തു, അതിനാൽ, ഒരു ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ല. മറ്റ് ചില കളിക്കാരുടെ അരികിൽ നിന്ന് സ്റ്റേഡിയത്തിൽ പുകവലിക്കുന്ന ഷഹ്‌സാദിന്റെ ഫോട്ടോകൾ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഔട്ട് ഫീൽഡിൽ പുകവലിക്കരുതെന്ന് ഷഹ്‌സാദിന് ആദ്യം മുന്നറിയിപ്പ് നൽകിയത് ധാക്ക പരിശീലകൻ മിസാനുർ റഹ്മാനാണ്. പിന്നീട്, തമീം ഇഖ്ബാൽ ഷഹ്‌സാദിനോട്‌ ഡ്രസിങ് റൂമിലേക്ക് കയറാൻ ആവശ്യപ്പെട്ടു.

ടൂർണമെന്റിൽ ഇതുവരെയുള്ള നാല് ഒറ്റ അക്ക സ്‌കോറുകൾക്ക് പുറമെ 53 ഉം 42 ഉം സ്‌കോർ ചെയ്‌തിട്ടുള്ള ഷഹ്‌സാദ് ധാക്ക ടീമിലെ സ്ഥിര സാന്നിധ്യമാണ്. വെള്ളിയാഴ്ചത്തെ വാഷ്ഔട്ടിനുശേഷം ഏഴു കളികളിൽ നിന്ന് ഏഴു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ധാക്ക.