
എംഎസ് ധോണി വിലക്ക് നേരിടേണ്ടി വരും!! മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം
പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നടത്തുന്നതെങ്കിലും, എംഎസ് ധോണി നയിക്കുന്ന ടീമിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ പ്രകടനം ദയനീയമാണ്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ദീപക് ചഹറിന് പരിക്കേറ്റത് ടീമിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിചയസമ്പത്ത് കുറഞ്ഞ ബൗളർമാർ ആണ് നിലവിൽ സിഎസ്കെക്ക് ഉള്ളത്. പ്രധാനമായും പരിചയസമ്പന്നരായ ഫാസ്റ്റ് ബൗളർമാരുടെ അഭാവം ടീമിൽ പ്രകടമാണ്.
വൈഡുകളും നോ-ബോളുകളും ഉൾപ്പെടെ എക്സ്ട്രാ റണ്ണുകൾ വിട്ടുകൊടുക്കുന്നതിൽ സിഎസ്കെ ബൗളർമാർ ധാരാളിത്തം കാണിക്കുന്നുണ്ട് എന്ന് പൊതുവേ ഒരു ആക്ഷേപം ഉയർന്നു വരുന്നുണ്ട്. ഒരിക്കൽ ധോണി തന്നെ തന്റെ ബൗളർമാരെ രൂക്ഷഭാഷയിൽ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ വിമർശിക്കുകയുണ്ടായി. ഇപ്പോൾ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരേന്ദർ സേവാഗ്.
സിഎസ്കെ ബൗളർമാർ ധാരാളം വൈഡുകളും നോ-ബോളുകളും എറിയുന്നുണ്ട് എന്നും, ഇത് ക്യാപ്റ്റൻ എന്ന നിലയിൽ ധോണിക്ക് വിലക്ക് വരെ നേരിടേണ്ട അവസ്ഥയിലേക്ക് നയിച്ചേക്കുമെന്നും സേവാഗ് മുന്നറിയിപ്പ് നൽകി. നിലവിൽ ബൗളിംഗ് നിരക്ക് കുറഞ്ഞാൽ ക്യാപ്റ്റൻമാർക്ക് പിഴ ശിക്ഷ വിധിക്കുന്നത് ഐപിഎൽ നിയമത്തിൽ ഉള്ളതാണ്. മാത്രമല്ല, മൂന്ന് മത്സരങ്ങളിൽ ബൗളിംഗ് നിരക്ക് കുറഞ്ഞതിന്റെ പേരിൽ ക്യാപ്റ്റൻ പിഴ ശിക്ഷ നേരിട്ടാൽ, ഒരു മത്സരത്തിൽ വിലക്കും നേരിടേണ്ടി വരും. ഇക്കാര്യമാണ് സേവാഗ് ചൂണ്ടിക്കാട്ടുന്നത്.
“സിഎസ്കെ ബൗളർമാർ ധാരാളം വൈഡുകളും നോ-ബോളുകളും എറിയുന്നു. അതിലൂടെ അവർ എക്സ്ട്രാ റൺ വഴങ്ങുന്നു എന്ന് മാത്രമല്ല, ധാരാളം സമയവും നഷ്ടപ്പെടുത്തുന്നു. ഇത് ക്യാപ്റ്റന് വിലക്ക് നേരിടേണ്ടി വരുന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം,” സേവാഗ് പറഞ്ഞു. ഏറ്റവും ഒടുവിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സിഎസ്കെ ബൗളർമാർ 11 എക്സ്ട്രാ റണ്ണുകൾ വഴങ്ങിയിരുന്നു.