
2 പേരെ മാത്രം ആശ്രയിച്ച് ബാംഗ്ലൂർ കളിക്കുന്നു!! വിമർശനവുമായി വിരേന്ദർ സേവാഗ്!!
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഒരു തുടക്കം തന്നെയായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചത്. മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ വമ്പൻ വിജയം തന്നെ ബാംഗ്ലൂർ നേടുകയുണ്ടായി. എന്നാൽ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ ഒരു ദയനീയ പരാജയമായിരുന്നു ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ 205 റൺസ് ചേസ് ചെയ്ത ബാംഗ്ലൂർ, കേവലം പതിനെട്ടാം ഓവറിൽ ഓൾ ഔട്ടാവുകയായിരുന്നു. 81 റൺസിനാണ് ബാംഗ്ലൂർ മത്സരത്തിൽ പരാജയപ്പെട്ടത്. മത്സരത്തിലെ ബാംഗ്ലൂരിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്.
ബാംഗ്ലൂർ അമിതമായി ഡുപ്ലെസിയേയും വിരാട് കോഹ്ലിയേയും ആശ്രയിക്കുന്നുണ്ട് എന്നാണ് സേവാഗിന്റെ പക്ഷം. അതിനാലാണ് ചില മത്സരങ്ങളിൽ അവർക്ക് പരാജയമേറ്റുവാങ്ങേണ്ടി വരുന്നത് എന്ന് സേവാഗ് പറയുന്നു. “ഒരു ഐപിഎൽ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് എപ്പോഴും രണ്ടു താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല. ബാംഗ്ലൂരിനായി മാക്സ്വെല്ലും ദിനേശ് കാർത്തിക്കും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ബാക്കി ബാറ്റർമാരും തങ്ങളുടെ ടീമിനായി കൃത്യമായ ഉത്തരവാദിത്വം കാണിക്കണം.”- സേവാഗ് പറയുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തരം സാഹചര്യങ്ങൾ എല്ലാ ടീമുകൾക്കും ഉണ്ടാവാറുണ്ട്. എല്ലാ ടീമുകളും സീസണിൽ ഒരിക്കലെങ്കിലും ബാറ്റിംഗ് തകർച്ച നേരിടാറുണ്ട്. ഐപിഎല്ലിന്റെ ചരിത്രം പറയുന്നത് അങ്ങനെയാണ്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ആർസിബിക്ക് ഇത്തരം ഒന്ന് സംഭവിച്ചത് നല്ലതിനാണെന്ന് കരുതാം. കുറച്ചു മത്സരങ്ങൾ കഴിഞ്ഞതിനുശേഷമാണ് ഇത്തരം ഒരു ബാറ്റിംഗ് പ്രകടനം ഉണ്ടാവുന്നതെങ്കിൽ പോയിന്റ്സ് ടേബിളിൽ അവരെ അത് ബാധിച്ചേനെ. ഇനിയും അവർക്ക് തിരികെ വരാനുള്ള അവസരം മുൻപിലുണ്ട്.”- വീരേന്ദർ സേവാഗ് കൂട്ടിച്ചേർക്കുന്നു.
മുംബൈയ്ക്കെതിരായ ആർസിബിയുടെ ആദ്യ മത്സരത്തിൽ അവരെ വിജയിപ്പിച്ചത് കോഹ്ലിയുടെയും ഫാഫ് ഡുപ്ലെസിയുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു. മത്സരത്തിൽ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനായി 148 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തിരുന്നു. എന്നാൽ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഇത്തരമൊരു കൂട്ടുകെട്ട് സൂക്ഷിക്കാൻ ഓപ്പണർമാർക്ക് സാധിച്ചില്ല. അതോടുകൂടി ബാംഗ്ലൂർ നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.