ഓസ്ട്രേലിയയെ വിരട്ടി ഇന്ത്യൻ പിള്ളേർ 😱റോയലായി ഫൈനൽ പ്രവേശനം:96 റൺസ്‌ ജയം

ഐസിസി അണ്ടർ 19 ലോകകപ്പിന്റെ തുടർച്ചയായ നാലാം പതിപ്പിലും ഇന്ത്യ ഫൈനലിൽ. ക്യാപ്റ്റൻ യാഷ് ദുൽ (110) സെഞ്ച്വറി നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 96 റൺസ് വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ യാഷും വൈസ് ക്യാപ്റ്റൻ ഷെയ്‌ക് റഷീദും (94) ചേർന്ന് മൂന്നാം വിക്കറ്റിൽ സൃഷ്ടിച്ച 204 റൺസ് കൂട്ടുകെട്ട്, 37/2 എന്ന നിലയിൽ നിന്നിരുന്ന ഇന്ത്യയെ കരകയറ്റാൻ സഹായിച്ചു, ഒടുവിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് എന്ന ടോട്ടൽ കണ്ടെത്തി.

പിന്നീട് ഇന്ത്യയുടെ സ്പിന്നർമാർ മത്സരം പൂർണ്ണമായും തങ്ങളുടെ വരുതിയിൽ ആക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയൻ നിരയിൽ രണ്ടാം വിക്കറ്റിൽ കാംപ്‌ബെൽ കെല്ലവെയും (30), കോറി മില്ലറും (38) ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും, മില്ലറുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യയുടെ അങ്ക്‌ക്രിഷ് രഘുവംശി ആ കൂട്ടുകെട്ട് തകർത്തു. പിന്നീട്, സ്പിന്നർമാരായ വിക്കി ഓസ്‌റ്റ്‌വാളും നിശാന്ത് സിന്ധുവും ചേർന്ന് 71/2 എന്ന നിലയിൽ നിന്നിരുന്ന ഓസ്ട്രേലിയയെ 125/7 എന്ന നിലയിലേക്ക് വീഴ്ത്തി.

8-ാം വിക്കറ്റിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ – ബാറ്റർ ലക്ലൻ ഷോ (51) ഒരു ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും, ഇന്ത്യൻ പേസർ രവി കുമാർ ഓസ്ട്രേലിയയുടെ ആ പ്രതീക്ഷയും കെടുത്തി. വാലറ്റത്ത് ഓസ്ട്രേലിയൻ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും, അത് അവസാനം വെറും ഔപചാരികത മാത്രമായി. അതോടെ, 41.5 ഓവറിൽ ഓസ്ട്രേലിയൻ കൗമാരപ്പട 194 റൺസിന് കൂടാരം കയറി. ഇന്ത്യക്ക് വേണ്ടി വിക്കി ഓസ്‌റ്റ്‌വാൾ 3-ഉം നിശാന്ത് സിന്ധുവും രവി കുമാറും 2 വീതം വിക്കറ്റുകളും വീഴ്ത്തി.

ഇത്‌ തുടർച്ചയായ മൂന്നാം തവണയാണ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പുറത്താക്കുന്നത്. ഇതോടെ, ടൂർണമെന്റിലെ 5 കളികളിലും തോൽവി അറിയാത്ത ഇന്ത്യ, ഫെബ്രുവരി 5 ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ തോൽവി അറിയാത്ത ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ച ഇന്ത്യ തങ്ങളുടെ അഞ്ചാം കിരീടം തേടി ഇറങ്ങുമ്പോൾ 24 വർഷത്തിന് ശേഷമുള്ള ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.