കളിക്കിടയിൽ തമിഴിൽ സംസാരിച്ച് അശ്വിനും സഞ്ജുവും :കയ്യടിച്ച് മലയാളികൾ 😱വീഡിയോ

ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ ചില പ്രധാനപ്പെട്ട നിമിഷങ്ങളിൽ കളിക്കാർ അവരുടെ പ്രാദേശിക ഭാഷയിൽ സംസാരിക്കാറുണ്ട്. പ്രധാനമായും തമിഴ്‌നാട് കളിക്കാരാണ് ഈ വിദ്യ ഉപയോഗിക്കാറുള്ളത്. ബാറ്റർക്ക് തമിഴ് അറിയാത്തതിനാൽ അയാൾക്കെതിരെ ഗൂഢാലോചന നടത്താനാണ് ഈ രീതി ബൗളിംഗ് ടീമിലെ കളിക്കാർ ഉപയോഗിക്കുന്നത്.

പ്രത്യേകിച്ചും, ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ തമിഴ്നാട് താരങ്ങൾ ഇടയ്ക്കിടെ തമിഴ് സംസാരിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ കേൾക്കാറുണ്ട്. ഏപ്രിൽ 22-ന് നടന്ന ഡൽഹി ക്യാപിറ്റൽസ്‌ – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ സ്പിന്നർ അശ്വിനും ക്യാപ്റ്റൻ സഞ്ജു സാംസണും തമിഴിൽ സംസാരിച്ചു. സഞ്ജു സാംസൺ മലയാളിയാണെങ്കിലും തമിഴിൽ നല്ല പ്രാവീണ്യമുണ്ട്.

ഐപിഎൽ 2022-ലെ 34-ാം മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ്, ഓപ്പണർമാരായ ജോസ് ബറ്റ്ലർ (116), ദേവ്ദത് പടിക്കൽ (54), ക്യാപ്റ്റൻ സഞ്ജു സാംസൺ (46*) എന്നിവരുടെ കരുത്തിൽ 222 റൺസ് കണ്ടെത്തി. തുടർന്ന്, 223 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ, 20 ഓവറിൽ 207 റൺസ് നേടാനെ സാധിച്ചുള്ളൂ. അതോടെ, ഡൽഹി 15 റൺസിന് പരാജയപ്പെട്ടു.

തന്റെ ആദ്യ പന്തിൽ തന്നെ സർഫ്രാസ് ഖാന്റെ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അശ്വിൻ, തൊട്ടടുത്ത പന്ത് ഡിസി ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ എറിയുന്നതിന് മുൻപാണ് സഞ്ജുവിനോട് സംസാരിച്ചത്. “ആദ്യ പന്ത് പോലെ താഴ്ന്നു വരും, സ്റ്റംപ് ചെയ്യാൻ അവസരം ലഭിക്കും” എന്നാണ് അശ്വിൻ വിക്കറ്റ് കീപ്പർ സഞ്ജുവിനോട് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. തമിഴറിയാത്ത ബാറ്റർമാരെ വീഴ്ത്താൻ ഈ തന്ത്രം പലതവണ പ്രയോഗിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.