കയ്യടിക്കെടാ..സഞ്ജു ഫിറ്റ്നസ് നേടിയെടാ മക്കളെ….!!!ഇതല്ല ഇതിനപ്പുറം ഓടിക്കടന്നവനാണ് ഈ സഞ്ജു സാംസൺ; വീഡിയോ കാണാം
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഇടം പിടിച്ചതിനാൽ തന്നെ, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം, 2023 എന്ന കലണ്ടർ വർഷം വളരെയധികം പ്രതീക്ഷ നൽകുന്നതായിരുന്നു. 2022-ൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സജീവമായിരുന്ന വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയതും, ഋഷഭ് പന്തിന് നിർഭാഗ്യവശാൽ അപകടം സംഭവിച്ചതും എല്ലാം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള അനുകൂല ഘടകങ്ങൾ ആയിരുന്നു.
എന്നാൽ, ഈ വർഷം കളിച്ച ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന്, ഏകദേശം നാല് ആഴ്ചക്കാലത്തെ കഠിനപ്രയത്നത്തിനൊടുവിൽ, സഞ്ജു ഫിറ്റ്നസ് വീണ്ടെടുക്കുകയും കളിക്കാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും രഞ്ജി ട്രോഫിയിൽ നിന്ന് കേരളം പുറത്തായതിനാൽ തന്നെ അദ്ദേഹത്തിന് ആഭ്യന്തര മത്സരങ്ങൾ ഒന്നും കളിക്കാൻ അവസരം ഉണ്ടായില്ല. എന്നിരുന്നാലും, ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷ സഞ്ജുവിന് ഉണ്ടായിരുന്നു.

ഐപിഎൽ 2023 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. എന്നാൽ സഞ്ജുവിനെ ദേശീയ സെലക്ടർമാർ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് തഴയുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് പിന്നാലെ ആരാധക ലോകത്തുനിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. എന്തുതന്നെയായാലും, ഈ ഓഫ്-ഫീൽഡ് ലഹളകളും പ്രതിസന്ധികളും ഒന്നും തന്നെ ബാധിക്കുന്നില്ല എന്നാണ് സഞ്ജു ഏറ്റവും ഒടുവിൽ പങ്കുവെച്ച വീഡിയോയിൽ പ്രകടമാകുന്നത്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ, 100 മീറ്റർ സ്പ്രിന്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സഹ മത്സരാർത്ഥിയിൽ നിന്നും, വളരെ വലിയ വ്യത്യാസത്തിലാണ് സഞ്ജു ഫിനിഷിംഗ് പോയിന്റ് കണ്ടത്. വേഗതയുടെ കാര്യത്തിലും താൻ ഒട്ടും മോശം അല്ല എന്ന് തന്നെയാണ് സഞ്ജു ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്. എന്തുതന്നെയായാലും, രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ കൂടിയായ സഞ്ജു, ഐപിഎല്ലിൽ മികവ് തെളിയിച്ച് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം.