സഞ്ജുവിനെ കളിപ്പിക്കാൻ ഇന്ത്യൻ ടീമിൽ ഇടമില്ല; മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര

പുരോഗമിക്കുന്ന ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ സ്‌ക്വാഡിൽ അംഗമാണ്. ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇനി രണ്ട് ടി20 മത്സരങ്ങൾ മൂന്ന് ഏകദിന മത്സരങ്ങൾ എന്നിവയാണ് പര്യടനത്തിൽ അവശേഷിക്കുന്നത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ, വരും മത്സരങ്ങളിൽ ഇന്ത്യ തങ്ങളുടെ സ്ക്വാഡ് അംഗങ്ങളെ എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് ഒരു വിശകലനം നടത്തിയിരിക്കുകയാണ്.

സഞ്ജു സാംസണെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെടുന്നത്. സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷൻ നിലവിൽ ലഭ്യമല്ല എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. സഞ്ജു സാംസൺ ഒരു ടോപ് ഓർഡർ ബാറ്റർ ആണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് പൊസിഷനുകൾ ലഭ്യമല്ല എന്നും, ലോ ഓർഡറിൽ സഞ്ജുവിനെ ഉപയോഗിക്കുന്നത് പ്രയോജനകരമല്ല എന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

“ശ്രേയസ് അയ്യർ മൂന്നോ നാലോ നമ്പറിൽ ഇറങ്ങണം. സൂര്യകുമാർ യാദവ് നാലാം നമ്പറിൽ തന്നെ ഇറങ്ങണം. ആ സ്ഥാനം നഷ്ടപ്പെടുത്തരുത്. അതുകൊണ്ട് ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ ഇറങ്ങണം. ഹാർദിക് പാണ്ഡ്യ അഞ്ചാം നമ്പറിൽ കളിക്കും. ഈ സാഹചര്യത്തിൽ സഞ്ജു സാംസണ് ടീമിൽ അനുയോജ്യമായ ഒരു ബാറ്റിംഗ് പൊസിഷൻ ഇല്ല. സഞ്ജു ഒരു ടോപ് ഓർഡർ ബാറ്റർ ആണ്. എന്നാൽ, സഞ്ജുവിനെ എങ്ങനെ ടോപ് ഓർഡറിൽ ഉൾപ്പെടുത്തും എന്ന കാര്യത്തിൽ എനിക്ക് നിശ്ചയമില്ല,” ആകാശ് ചോപ്ര പറയുന്നു.

“പിന്നെ, സഞ്ജുവിന് ലഭ്യമായി ഉള്ളത് ആറാം നമ്പർ ആണ്. ഋഷഭ് പന്ത് ഓപ്പണർ ആയി ഇറങ്ങുകയാണെങ്കിൽ ആറാം നമ്പർ ഒഴിഞ്ഞു കിടക്കും. എന്നാൽ, സഞ്ജുവിന് ആ ബാറ്റിംഗ് പൊസിഷനിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ ആറാം നമ്പറിൽ ഓൾറൗണ്ടർ ദീപക് ഹൂഡ കളിക്കും എന്നാണ് ഞാൻ കരുതുന്നത്,” ആകാശ് ചോപ്ര പറഞ്ഞു. എന്നാൽ, ഒന്ന് മുതൽ ആറ് വരെയുള്ള എല്ലാ ബാറ്റിംഗ് പൊസിഷനുകളിലും കഴിവ് തെളിയിച്ചതാരമാണ് സഞ്ജു. അതുകൊണ്ടുതന്നെ തീർച്ചയായും സഞ്ജുവിനെ വരും മത്സരങ്ങളിൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.