സഞ്ജു വീട്ടിൽ തിരിച്ചെത്തി! ഭാവി പദ്ധതികൾ കണക്കുകൂട്ടി സഞ്ജു സാംസൺ

ന്യൂസിലൻഡിനെതിരായ പര്യടനത്തിനുശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ താരങ്ങളും ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ല. ഡിസംബർ 4ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇപ്പോഴും ന്യൂസിലാൻഡിൽ തുടരുകയാണ്. അവർ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് തിരിക്കും.

അതേസമയം, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടാത്ത താരങ്ങളാണ് ഇപ്പോൾ ന്യൂസിലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. സഞ്ജുവിനൊപ്പം, യുസ്വേന്ദ്ര ചഹൽ, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. താൻ വീട്ടിൽ തിരിച്ചെത്തിയതായി സഞ്ജു സാംസൺ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു.

ന്യൂസിലൻഡിനെതിരായ മൂന്ന് വീതം മത്സരങ്ങൾ അടങ്ങിയ ഏകദിന, ടി20 പരമ്പരകളിൽ സഞ്ജു ഭാഗമായിരുന്നുവെങ്കിലും, ആകെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ സഞ്ജു 36 റൺസ് സ്കോർ ചെയ്യുകയും ചെയ്തിരുന്നു. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യുന്ന വേളയിൽ, അദ്ദേഹത്തിന്റെ ചിത്രം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ കാണിച്ച നിമിഷത്തിൽ പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ജു വീട്ടിൽ തിരിച്ചെത്തിയ കാര്യം ആരാധകരെ അറിയിച്ചത്. “വീട്ടിൽ തിരിച്ചെത്തി, ഉടൻ കാണാം,” സഞ്ജു കുറിച്ചു.

എന്നാൽ സഞ്ജു പങ്കുവെച്ച പോസ്റ്റിന് താഴെ ആരാധകർ ബിസിസിഐയോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും സഞ്ജുവിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തു. ന്യൂസിലാൻഡ് പര്യടനത്തിൽ സഞ്ജുവിന് കളിക്കാൻ കൂടുതൽ അവസരങ്ങൾ നൽകാതിരുന്നതും, ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതുമാണ് ആരാധകരെ പ്രകോപിതരാക്കിയിരിക്കുന്നത്. സഞ്ജുവിന് പിന്തുണയും ഭാവിയിലേക്കുള്ള ആശംസകളും നേർന്നുകൊണ്ടുള്ള ആരാധകരുടെ ഭാഗത്തുനിന്ന് കമന്റുകൾ സഞ്ജു പങ്കുവെച്ച പോസ്റ്റിനു താഴെ ഒഴുകിയെത്തി കൊണ്ടിരിക്കുകയാണ്.

Rate this post