ഓറഞ്ച് ക്യാപ് പർപ്പിൾ ക്യാപ് ടേബിൾ ടോപ് 😍😍ഇനിയെന്തെങ്കിലും? ഐപിഎല്ലിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി രാജസ്ഥാൻ റോയൽസ്

ഐപിഎൽ 2022 മെഗാ താരലേലം അവസാനിച്ചതിന് പിറകെ ക്രിക്കറ്റ്‌ വിദഗ്ധരുടെയും ആരാധകരുടെയും കണക്കുക്കൂട്ടലുകളിൽ രാജസ്ഥാൻ റോയൽസ് കരുത്തരായിരുന്നു. ഐപിഎൽ 15-ാം പതിപ്പിൽ ഏകദേശം എല്ലാ ടീമുകളുടെയും 4 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കടലാസിൽ മാത്രമല്ല, മൈത്താനത്തും കരുത്തരാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 61 റൺസിന് തകർത്ത റോയൽസ്, തുടർന്ന് നടന്ന മത്സരത്തിൽ അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ 23 റൺസിനും പരാജയപ്പെടുത്തി. എന്നാൽ, അവരുടെ മൂന്നാം മത്സരത്തിൽ ആർസിബിയോട് 4 വിക്കറ്റ് പരാജയം നേരിടേണ്ടി വന്നെങ്കിലും, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എൽഎസ്ജിയെ മൂന്ന് റൺസിന് പരാജയപ്പെടുത്തിയതോടെ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

ഇതോടെ 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കൂടാതെ, ടീമുകൾ ചേസിങ്ങിന് മുൻ‌തൂക്കം നൽകുന്ന ഒരു പ്രവണത കണ്ടുവരുന്ന ഐപിഎൽ സീസണിൽ, കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസാണ് ആദ്യം ബാറ്റ് ചെയ്തത് എന്ന് എടുത്ത് പറയേണ്ടതാണ്. ടീമിന്റെ പ്രകടനത്തോടൊപ്പം വ്യക്തിഗത നേട്ടങ്ങളിലും റോയൽസ് താരങ്ങൾ തന്നെയാണ് മുൻപന്തിയിൽ എന്നത് ശ്രദ്ധേയമാണ്.

4 മത്സരങ്ങളിൽ നിന്ന് 218 റൺസുമായി റോയൽസ് ഓപ്പണർ ജോസ് ബറ്റ്ലർ ആണ് ഓറഞ്ച് ക്യാപ് റേസിൽ ഒന്നാമത്. കൂടാതെ, റോയൽസിന്റെ ഷിംറോൻ ഹെറ്റ്മയർ 4 മത്സരങ്ങളിൽ നിന്ന് 168 റൺസുമായി, ഉയർന്ന റൺ വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. ബൗളർമാരുടെ കാര്യമെടുത്താൽ, ഉയർന്ന വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 4 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളുമായി രാജസ്ഥാൻ റോയൽസ് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ആണ് ഒന്നാമത്. 4 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റ് ഉള്ള റോയൽസ് പേസർ ട്രെന്റ് ബോൾട്ട് പർപ്പിൾ ക്യാപ് ചേസിൽ ഏഴാം സ്ഥാനത്താണ്.

Rate this post