അന്ന് സച്ചിൻ സച്ചിൻ എന്ന് വിളിച്ചു ഇന്ന് അത്‌ സഞ്ജു സഞ്ജുവെന്നായി :ഇതാണ് സഞ്ജു സാംസൺ റേഞ്ച്

എഴുത്ത് : സന്ദീപ് ദാസ്;സഞ്ജുവിനെആദ്യമായിട്ട് കാണുന്ന സമയത്ത് അയാൾക്ക് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് ആ പയ്യനിൽ സച്ചിൻ തെൻഡുൽക്കറുടെ ചില സവിശേഷതകൾ ഞാൻ കണ്ടിരുന്നു. എനിക്കിത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സച്ചിൻ എന്ന് തന്നെയാണ് ഞാൻ ഉച്ചരിച്ചത്.!”ഇന്ത്യയും അയർലൻഡും തമ്മിലുള്ള രണ്ടാമത്തെ ടി20 മത്സരത്തിനിടെ കമൻ്റേറ്ററായ അലൻ വിൽക്കിൻസ് മുന്നോട്ടുവെച്ച അഭിപ്രായമാണിത്. ചില മലയാളികൾ സഞ്ജുവിനെ പരിഹസിക്കാനും ഇടിച്ചുതാഴ്ത്താനും പരസ്പരം മത്സരിക്കാറുണ്ട്. പക്ഷേ കളിപറച്ചിലുകാർ സഞ്ജുവിനെ സാക്ഷാൽ സച്ചിനോടുപോലും താരതമ്യം ചെയ്യുന്നു!

നമ്മുടെ സ്വന്തം സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ചിട്ടുണ്ട്. അയർലൻഡിനെതിരെ കേവലം 42 പന്തുകളിൽനിന്ന് 77 റണ്ണുകളാണ് സഞ്ജു വാരിക്കൂട്ടിയത്.ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ടീമിൽ വരുത്തിയ മൂന്ന് മാറ്റങ്ങളെക്കുറിച്ച് ഹാർദിക് സംസാരിച്ചിരുന്നു. ”ഗെയ്ക്വാദിന് പകരം സഞ്ജു കളിക്കുന്നു” എന്ന് ഹാർദിക് പറഞ്ഞതോടെ സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന കരഘോഷമുയർന്നു! സ്ക്വാഡിലെ മറ്റു മാറ്റങ്ങളെക്കുറിച്ച് അറിയാൻ കാണികൾക്ക് യാതൊരുവിധ താത്പര്യവും ഉണ്ടായിരുന്നില്ല! ഹാർദിക് ഉൾപ്പടെ സകലരും അതുകണ്ട് വിസ്മയിച്ചുപോയി!

കാര്യങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല. റൺ-അപ് എടുത്തതിനുശേഷം ബോൾ ചെയ്യാതെ സഞ്ജുവിനെ പുച്ഛിച്ച ലെഫ്റ്റ് ആം സീമർ ജോഷ് ലിറ്റിലിന് കൂവൽ കിട്ടി. ”സഞ്ജു” വിളികൾ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തു!20 അന്താരാഷ്ട്ര മാച്ചുകൾ പോലും കളിച്ചിട്ടില്ലാത്ത സഞ്ജു ആരാധകരുടെ പൊന്നോമനയാകുന്നു! ഇതുപോലൊരു രംഗം ക്രിക്കറ്റിൽ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാവുമോ!? സംശയമാണ്.ഇതാണ് സഞ്ജുവിൻ്റെ പ്രത്യേകത. അസാധാരണമായ കാര്യങ്ങൾ നടത്തിയെടുക്കാൻ കെല്പുള്ള അതുല്യപ്രതിഭയാണ് അയാൾ.പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തനിക്കുനേരെ എത്തുന്ന പന്തിനെ ബൗണ്ടറിയിലേക്ക് പറഞ്ഞയക്കാനുള്ള വൈഭവം സഞ്ജുവിൻ്റെ കരങ്ങൾക്കുണ്ട്. അയാളുടെ സിംഗിളുകളിൽ പോലും പണ്ഡിതർ കലാവൈശിഷ്ഠ്യം ദർശിക്കുന്നു. പവർ ഹിറ്റുകൾ അരങ്ങുവാഴുന്ന ടി20 ക്രിക്കറ്റിൽ സഞ്ജു കോപ്പിബുക്ക് ഓഫ്ഡ്രൈവുകളും സ്ക്വയർഡ്രൈവുകളും പായിക്കുന്നു! ഐറിഷ് പട ഇതെല്ലാം അനുഭവിച്ചറിഞ്ഞു.

സഞ്ജു പ്രദർശനത്തിനുവെച്ച നിസ്വാർത്ഥ മനോഭാവത്തിന് അയാൾ കളിച്ച ഷോട്ടുകളേക്കാൾ ഭംഗിയുണ്ടായിരുന്നു. കുറച്ച് ഡോട്ട്ബോളുകൾ വന്നപ്പോൾ സഞ്ജു അപകടംപിടിച്ച സിംഗിളുകൾ ഓടിയെടുത്തു. ടീമിൻ്റെ റൺറേറ്റ് താൻ മൂലം താഴരുത് എന്ന പിടിവാശി അയാൾക്കുണ്ടായിരുന്നു.ഇന്ത്യൻ ടീമിലെ സ്ഥാനത്തിനുവേണ്ടി പരസ്പരം പടവെട്ടുന്നവരാണ് ദീപക് ഹൂഡയും സഞ്ജുവും. കളിയുടെ ഒരു ഘട്ടത്തിൽ സിംഗിൾകൊണ്ട് തൃപ്തിപ്പെടാനൊരുങ്ങിയ ഹൂഡ സഞ്ജുവിൻ്റെ നിർബന്ധത്തിനുവഴങ്ങി രണ്ടാമത്തെ റൺ ഓടിയിരുന്നു.പൂർണ്ണതയോട് അടുത്ത് നിൽക്കുന്ന ഒരിന്നിംഗ്സാണ് സഞ്ജു കളിച്ചത്. പിഴവുകളൊന്നും വരുത്തിയില്ല എന്നുതന്നെ വിലയിരുത്താം. പുറത്തായതുപോലും ഒരു കിടിലൻ യോർക്കറിലായിരുന്നു. അത്തരമൊരു മാജിക് ഡെലിവെറി മാർക് അഡെയ്ർ ഉത്പാദിപ്പിച്ചില്ലായിരുന്നുവെങ്കിൽ സഞ്ജുവിൻ്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കാണാമായിരുന്നു.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ദുർബലരായ അയർലൻഡിനെതിരെയാണ് സഞ്ജു തിളങ്ങിയത് എന്ന വിമർശനം വന്നേക്കാം. പക്ഷേ ക്രെയിഗ് യങ്ങിനെപ്പോലുള്ള പരിചയസമ്പന്നരായ ബോളർമാർ അടങ്ങിയ ഐറിഷ് ആക്രമണം അത്ര നിസ്സാരമായിരുന്നില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലഹൈഡിൽ വീശിയിരുന്ന കനത്ത കാറ്റും പേസർമാരെ സഹായിക്കും എന്ന പ്രവചനവും ഉണ്ടായിരുന്നു.ഹൂഡയും സഞ്ജുവും ഒന്നാന്തരമായി ബാറ്റ് ചെയ്തതുകൊണ്ട് അയർലൻഡ് നിഷ്പ്രഭമായി എന്നതാണ് ശരി.സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ നൽകാൻ ബി.സി.സി.ഐ ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു തകർപ്പൻ ഐ.പി.എൽ സീസണിൻ്റെ പിൻബലമുണ്ടായിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 സീരീസിൽ അയാൾ തഴയപ്പെട്ടിരുന്നു. അയർലൻഡിനെതിരെ നൽകിയത് കേവലം ഒരു മത്സരം.ഇതെല്ലാം അനീതിയുടെ അങ്ങേയറ്റമായിരുന്നു. ഐറിഷ് തീരങ്ങളിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ സഞ്ജുവിൻ്റെ തലയ്ക്കുവേണ്ടി മുറവിളികൾ ഉയരുമായിരുന്നു. ആ സമ്മർദ്ദത്തെ സഞ്ജു മറികടന്നു.

സഞ്ജുവിന് കൂടുതൽ പിന്തുണ നൽകണം എന്ന വാദത്തെ ചിലർ എതിർക്കാറുണ്ട്. മറ്റുള്ള കളിക്കാരും സഞ്ജുവും തമ്മിൽ എന്താണ് വ്യത്യാസം എന്നാണ് അവരുടെ സംശയം.സഞ്ജു തീർച്ചയായും വ്യത്യസ്തനാണ്. സഞ്ജുവിനേക്കാൾ മികച്ച രീതിയിൽ ക്രിക്കറ്റ് ബോളിനെ പ്രഹരിക്കുന്ന കളിക്കാർ അപൂർവ്വമാണ്. അത്തരമൊരു സ്പെഷൽ ടാലൻ്റ് അധിക സപ്പോർട്ട് അർഹിക്കുന്നു. കാലാകാലങ്ങളിൽ പല ക്രിക്കറ്റ് ബോർഡുകളും അത് നടപ്പിലാക്കിയിട്ടുള്ളതാണ്.

വി.വി.എസ് ലക്ഷ്മൺ പണ്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു-”2001-ൽ സ്റ്റീവ് വോയുടെ കംഗാരുപ്പട ഇന്ത്യയിൽ വന്നിറങ്ങിയപ്പോൾ എൻ്റെ കരിയർ അനിശ്ചിതത്വത്തിലായിരുന്നു. പക്ഷേ ഇന്ത്യൻ കോച്ച് ജോൺ റൈറ്റ് എനിക്ക് ധൈര്യം പകർന്നുനൽകി. ടീമിലെ സ്ഥാനം നഷ്ടപ്പെടും എന്ന ഭയം വെടിയാൻ റൈറ്റ് നിർദ്ദേശിച്ചു. ആ വാക്കുകളുടെ ബലത്തിലാണ് ഞാൻ ഓസീസിനെതിരെ 281 റണ്ണുകൾ സ്കോർ ചെയ്തത്.”ആ ലക്ഷ്‌മൺ ഇന്ന് ടീം ഇന്ത്യയുടെ പരിശീലകനാണ്. സഞ്ജുവിനോട് ലക്ഷ്മണും സമാനമായ വരികൾ പറഞ്ഞിട്ടുണ്ടാവണം”ധൈര്യമായി കളിക്കൂ സഞ്ജൂ. നിൻ്റെ കഴിവ് എനിക്കറിയാം. സെലക്ഷനെക്കുറിച്ചോർത്ത് പേടിക്കേണ്ടതില്ല. ഞങ്ങളുണ്ട് നിൻ്റെ കൂടെ.!”

ഈഡൻ ഗാർഡൻസിലെ ലക്ഷ്മണിൻ്റെ ഡബിൾ സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ജാതകം തന്നെയാണ് മാറ്റിയെഴുതിയത്. ഡബ്ലിനിൽ നാം കണ്ട സഞ്ജു അതിൻ്റെ തുടർച്ചയാണോ!?ഓസ്ട്രേലിയൻ മണ്ണിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അവിടത്തെ പിച്ചുകളിൽ സഞ്ജു സാംസൻ്റെ ബാറ്റിങ്ങാണ് ഏറ്റവും ഫലപ്രദം എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ബ്രാഡ്മാൻ്റെ നാട്ടിലേയ്ക്കുള്ള വിമാനത്തിൽ മലയാളിയായ സഞ്ജുവും ഉണ്ടാകുമോ!?മോഹിക്കാം. ആശകൾക്ക് പരിധിയില്ലല്ലോ!പ്രിയ സഞ്ജൂ,നിൻ്റെ കളിയഴക് ആചന്ദ്രതാരം മനുഷ്യരെ ആനന്ദിപ്പിക്കട്ടെ.

Rate this post