സഞ്ജു സൂപ്പർ താരം എനിക്ക് ഒരു സഹോദരനെ പോലെ :മനസ്സ് തുറന്ന് അശ്വിൻ

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പറും ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി താരതമ്യം ചെയ്തിരിക്കുകയാണ് സഞ്ജുവിന്റെ രാജസ്ഥാനിലെ പുതിയ സഹതാരമായ ഇന്ത്യയുടെ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 2022 ഐപിഎൽ താരലേലത്തിൽ അശ്വിനെ രാജസ്ഥാൻ സ്വന്തകമാക്കിയതോടെ, സഞ്ജു സാംസണിന്റെ കീഴിൽ കളിക്കാൻ ഒരുങ്ങുകയാണ് അശ്വിൻ. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് പങ്കിട്ട ഒരു വീഡിയോയിൽ, ഓഫ് സ്പിന്നർ സഞ്ജുവിന്റെ കഴിവിനെക്കുറിച്ചും കേരള ക്രിക്കറ്ററുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ്.

അശ്വിൻ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ് നാട്ടുകാരനാണ്, അതുകൊണ്ടുതന്നെ തങ്ങൾ തമ്മിൽ ഒരു സൗത്ത് ഇന്ത്യൻ ബോണ്ട്‌ ഉണ്ട് എന്ന് അശ്വിൻ പറയുന്നു. “ഒരു ഇളയ സഹോദരനും മൂത്ത സഹോദരനും തമ്മിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഞാൻ തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്, അവൻ കേരളത്തിൽ നിന്നാണ് വരുന്നത്. അവൻ ഒരുപാട് തമിഴ് സിനിമകൾ കാണുന്ന വ്യക്തിയാണ്, ഒരു വലിയ സിനിമാ പ്രേമിയാണ്, ഞാനും അങ്ങനെയാണ്. ഞങ്ങൾ അവിടെ നിന്നാണ് കണക്റ്റുചെയ്യാൻ തുടങ്ങുന്നത്. ഒരു ദക്ഷിണേന്ത്യൻ എന്ന നിലയിൽ, നിങ്ങൾ സിനിമകളുമായി ബന്ധപ്പെടുകയാണെങ്കിൽ, അതിനപ്പുറം ഒരു കണക്ഷൻ നിങ്ങൾക്ക് ആവശ്യമില്ല,” അശ്വിൻ പറഞ്ഞു.

“അവൻ എന്നെ പേര് പോലും വിളിക്കില്ല, അവൻ എന്നെ അണ്ണാ എന്ന് വിളിക്കുന്നു, അതായത് ജ്യേഷ്ഠൻ. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം, പരസ്പര ബഹുമാനം,” അശ്വിൻ കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനു പുറമേ, സഞ്ജുവിനെയും രോഹിത് ശർമ്മയും തമ്മിൽ ആർ അശ്വിൻ താരതമ്യപ്പെടുത്തുകയും ചെയ്തു. കണ്ണഞ്ചിപ്പിക്കുന്ന സ്ട്രോക്ക്പ്ലേയ്ക്കും ക്ലീൻ ഹിറ്റിങ്ങിനും പേരുകേട്ട താരമാണ് കേരള വിക്കറ്റ് കീപ്പർ-ബാറ്റർ.

“സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട് ഞാൻ പലപ്പോഴും സ്തംഭിച്ചു പോയിട്ടുണ്ട്. ഞാൻ രോഹിതിന്റെ ആരാധകനായിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിച്ചു, രോഹിത് ഒരു പ്രത്യേക കളിക്കാരനാണ്, ഒപ്പം സഞ്ജു രോഹിത്തിനെ പോലെ സ്പെഷ്യൽ ആണെന്ന് ഞാൻ കരുതുന്നു. അന്താരാഷ്ട്ര തലത്തിൽ സഞ്ജുവിന് മുന്നിലുള്ള തടസ്സങ്ങൾ മറികടക്കാനായിട്ടില്ല എന്നത് മാത്രമാണ് അവന്റെ മുന്നിൽ നിലനിൽക്കുന്ന വെല്ലുവിളി. എന്നാൽ, ഇത് പരിഹരിക്കാൻ കുറച്ച് സമയം മാത്രമേ വേണ്ടി വരൂ എന്ന് ഞാൻ കരുതുന്നു,” സഞ്ജുവിന്റെ പ്രകടനത്തെ അശ്വിൻ വിലയിരുത്തി.