2023ലെ ഏകദിന ലോകക്കപ്പ് അയാൾക്ക് മുന്നിൽ വാതിൽ തുറക്കുന്നു!!! സഞ്ജു സാംസൺ ദി ഹീറോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിന്ന് തഴയും തോറും തഴച്ചു വളരുകയാണ് സഞ്ജു സാംസൺ. നൽകുന്ന അവസരങ്ങളിൽ എല്ലാം തന്റെ പ്രതിഭ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ മലയാളി വിക്കറ്റ് കീപ്പർ. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു വർഷമാണ് ഈ കടന്നുപോകുന്നത്. ഐപിഎൽ രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിച്ച് ഫൈനലിൽ എത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ലഭിച്ച അവസരങ്ങളിൽ എല്ലാം ബാറ്റ് കൊണ്ടും വിക്കറ്റിന് പിറകിലും സഞ്ജു തിളങ്ങി.

ടി20 ഫോർമാറ്റിൽ കഴിവ് തെളിയിച്ചിട്ടും, കഴിഞ്ഞ ഏഷ്യ കപ്പിലും, ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ തഴഞ്ഞു. പിന്നീട്, ഏകദിന ടീമിലാണ് ഇന്ത്യൻ സെലക്ടർമാർ സഞ്ജുവിന് അവസരം നൽകിയത്. ഏകദിന ഫോർമാറ്റിലും മികവ് പുലർത്തിയ സഞ്ജു, ഇപ്പോൾ ഏകദിന ടീമിൽനിന്ന് ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ ടീമുകൾക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു, ഇപ്പോൾ അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ 86* റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു, രണ്ടാം ഏകദിനത്തിൽ 30* റൺസ് നേടി പുറത്താകാതെ നിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ന് നടന്ന പരമ്പരയിലെ അവസാന ഏകദിനത്തിൽ അഞ്ചാമനായി ക്രീസിൽ എത്തിയ സഞ്ജു 2* റൺസ് ആണ് നേടിയത്. മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് സഞ്ജുവിനെ പുറത്താക്കാൻ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയ കളിക്കാരെല്ലാം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയാലും, ഇനി സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് പുറത്തിരുത്തുക എന്നത് പ്രയാസകരമാകും. ഫിനിഷറുടെ റോളിൽ ഉൾപ്പെടെ മികവ് തെളിയിച്ച സഞ്ജുവിനെ, ബാറ്റിംഗ് ലൈനപ്പിലെ ഏത് പൊസിഷനിൽ വേണമെങ്കിലും ഇന്ത്യക്ക് ഇറക്കാവുന്നതാണ്. 2023 ലോകകപ്പ് ടീമിൽ സഞ്ജു ഉൾപ്പെടാനും സാധ്യതകൾ വർദ്ധിച്ചു വരികയാണ്.