യാ മോനെ എന്താ ഫീൽഡിങ് :സഞ്ജുവിന്റെ പറക്കും എഫോർട്ടിൽ മതിപ്പ് പ്രകടിപ്പിച്ച് രോഹിത്

വ്യാഴായ്ച്ച നടന്ന ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ലക്നൗവിലെ ഭാരത് രത്ന ശ്രി അതൽ ബിഹാരി വാജ്പയി ഏകാന ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ, ഷനക നയിച്ച ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. പരമ്പരയിലെ ആദ്യ വിജയത്തോടെ മൂന്ന് ടി20-കൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

മത്സരത്തിൽ, ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ഷനക ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന്, ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മ (44), ഇഷാൻ കിഷൻ (89) എന്നിവർ ചേർന്ന് 111 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഇന്ത്യക്ക് സ്വപ്നതുല്ല്യമായ തുടക്കം ലഭിച്ചു. തുടർന്ന്, മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ (57*) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ഇന്ത്യൻ ടോട്ടൽ 200 കടക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും 199 ൽ ഒതുങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ നിരയിൽ, അസലാങ്ക (53*) ചെറുത്ത് നിന്നെങ്കിലും, ഭൂവനേശ്വർ കുമാറും, ബുംറയും നയിച്ച ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ശ്രീലങ്കൻ ബാറ്റർമാർ തകർന്നുപോയി. 20 ഓവറിൽ 137 റൺസ് കണ്ടെത്താനെ ശ്രീലങ്കയ്ക്ക് ആയൊള്ളു. ഭൂവനേശ്വറും വെങ്കിട്ടേഷ് അയ്യരും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജഡേജയും ചാഹലും ഓരോ വിക്കറ്റ് വീഴ്ത്തി.

എന്നാൽ, മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടും ബാറ്റിംഗിൽ അവസരം നൽകാതിരുന്നതിൽ ആരാധകർ അസംതൃപ്തരാണ്. എന്നിരുന്നാലും, സഞ്ജുവിന്റെ മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾക്ക് മത്സരത്തിൽ കാണികൾ സാക്ഷികളായി. ബൗണ്ടറി തടുക്കുന്നത് അനായസമാണെന്ന് അറിഞ്ഞിട്ടും, ഫുൾ ഡൈവിലൂടെ ബൗണ്ടറി തടുക്കാൻ നടത്തിയ സഞ്ജുവിന്റെ പ്രകടനങ്ങൾ കണ്ട് ക്യാപ്റ്റൻ രോഹിത് ശർമ്മ സന്തോഷവാനായത് റിപ്ലൈ ദൃശ്യങ്ങളിൽ വ്യക്തമായി. സഞ്ജുവിന്റെ ഫീൽഡിംഗ് പ്രകടനത്തെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും കയ്യടിച്ച് അഭിനന്ദിച്ചു.