“സഞ്ജു.. സഞ്ജു..” ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർക്കായി ആരാധകർ മുഴക്കിയ അതേ ആർപ്പുവിളി എംഎ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജുവിനായി

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കളിക്കാർ ആരാണെന്ന് ചോദിച്ചാൽ സച്ചിൻ ടെൻടുൽക്കർ, എംഎസ് ധോണി തുടങ്ങി വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിങ്ങനെ പട്ടിക തുടർന്നുകൊണ്ടിരിക്കും. എന്നാൽ, ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ആണെന്ന കാര്യം വിദേശ രാജ്യങ്ങളിൽ പോലും സഞ്ജുവിന് ലഭിക്കുന്ന സ്വീകരണങ്ങളിൽ പ്രകടമാണ്.

വളരെ കുറച്ച് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് സഞ്ജു സാംസണ് ഇതുവരെ കളിക്കാൻ ആയിട്ടുള്ളത്. എന്നിരുന്നാലും, സഞ്ജു ടീമിൽ ഉണ്ടെങ്കിൽ സ്റ്റേഡിയം മുഴുവൻ സഞ്ജുവിനായി ആർപ്പുവിളിക്കുന്ന കാഴ്ച പലപ്പോഴായി നമ്മൾ കണ്ടിട്ടുള്ളതാണ്. അടുത്തിടെ സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ള അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടങ്ങളിലെല്ലാം മറ്റു ഇന്ത്യൻ താരങ്ങളെക്കാൾ സഞ്ജുവിനെ കാണാനും സഞ്ജുവിന് വേണ്ടി ആർപ്പുവിളിക്കാനും ആണ് ആരാധകർ തടിച്ചുകൂടിയത്.

ഇപ്പോൾ, ന്യൂസിലാൻഡ് എ-ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ-യുടെ ക്യാപ്റ്റൻ ആണ് സഞ്ജു സാംസൺ. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ എ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്ജുവിനെ കാണാനും സഞ്ജുവിന് ആർപ്പു വിളിക്കുവാനും ആയി നിരവധി ആരാധകനാണ് എംഎ ചിദംബരം സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് വേണ്ടി സ്റ്റേഡിയം മുഴുവൻ സഞ്ജു.. സഞ്ജു.. എന്നുള്ള ആർപ്പ് വിളികൾ ആയിരുന്നു. രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യാൻ എത്തിയ സഞ്ജു, ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ ബാറ്റ് ചെയ്യാനെത്തിയ കാഴ്ച ഓരോ മലയാളി ക്രിക്കറ്റ് ആരാധകർക്കും ആവേശം പകർന്നു. സഞ്ജു ബാറ്റ് ചെയ്യാൻ എത്തുമ്പോൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകർ എല്ലാം എഴുന്നേറ്റ് നിന്നാണ് സഞ്ജുവിനായി കരഘോഷം നടത്തിയത്. ന്യൂസിലാൻഡ് എ-ക്കെതിരായ ആദ്യ മത്സരത്തിൽ 29 റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിന്ന സഞ്ജു, രണ്ടാം മത്സരത്തിൽ 37 റൺസും സ്കോർ ചെയ്തു.