മലയാളി താരങ്ങളെ അഭിനന്ദനങ്ങൾക്കൊണ്ട് മൂടി കുമാർ സംഗക്കാര ; ക്യാപ്റ്റൻ സഞ്ജു സാംസണ് പ്രത്യേക പരാമർശം

രാജസ്ഥാൻ റോയൽസ്‌ ക്യാപ്റ്റൻ സഞ്ജു സാംസണെ അഭിനന്ദിച്ച് ഫ്രാഞ്ചൈസിയുടെ ടീം ഡയറക്ടർ കുമാർ സംഗക്കാര. ശനിയാഴ്ച്ച (മെയ്‌ 7) നടന്ന ഐപിഎൽ മത്സരത്തിൽ, പഞ്ചാബ് കിംഗ്സിനെതിരെ കളിച്ച വെടിക്കെട്ട് ഇന്നിംഗ്സിനാണ് ശ്രീലങ്കൻ ഇതിഹാസം മലയാളി വിക്കറ്റ് കീപ്പർ ബാറ്ററെ അഭിനന്ദിച്ചത്. പഞ്ചാബിനെതിരെ 6 വിക്കറ്റ് ജയം നേടിയ മത്സരത്തിൽ 12 പന്തിൽ 4 ഫോർ ഉൾപ്പടെ 191.67 സ്ട്രൈക്ക് റേറ്റോടെ 23 റൺസാണ് മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു നേടിയത്.

എന്നാൽ, തുർച്ചയായി അതിവേഗം വിക്കറ്റ് നഷ്ടപ്പെടുത്തുന്നു സ്ഥിരത ഇല്ലാത്ത പ്രകടനം തുടങ്ങിയ വിമർശനങ്ങൾ ക്രിക്കറ്റ്‌ ലോകത്ത് നിന്ന് സഞ്ജുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പരക്കെ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ്, സഞ്ജു കളിച്ച ഇന്നിംഗ്സ് ശരിക്കും ടീമിന് സഹായകരമായി എന്ന് പറഞ്ഞുക്കൊണ്ട് ടീം ഡയറക്ടർ രാജസ്ഥാൻ റോയൽസ് നായകനെ പിന്തുണച്ചത്.

മത്സരശേഷം നടന്ന ടീം മീറ്റിംഗിലാണ് കുമാർ സംഗക്കാര സഞ്ജുവിനെ അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ റോയൽസ്, അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്. “സ്കിപ്പറുടെ പ്രകടനം മികച്ചതായിരുന്നു. ഒരു ഘട്ടത്തിൽ 7 പന്തിൽ 20 റൺസാണ് സഞ്ജു നേടിയത്. അതുതന്നെയാണ്‌ ആ നിമിഷം ടീമിന് ആവശ്യമുണ്ടായിരുന്നത്. സഞ്ജുവിന്റെ ബാറ്റിംഗോടെയാണ്‌ ടീം താളം കണ്ടെത്തിയത്,” സംഗക്കാര പറഞ്ഞു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ, 32 പന്തിൽ 31 റൺസെടുത്ത ദേവ്ദത് പടിക്കലിനെയും സംഗക്കാര അഭിനന്ദിച്ചു. വളരെ പക്വതയോടെയാണ് പടിക്കൽ ബാറ്റ് ചെയ്തതെന്ന് ടീം ഡയറക്ടർ പറഞ്ഞു. “ആവിശ്വസനീയമായ പ്രകടനമാണ് പടിക്കൽ കാഴ്ച്ചവെച്ചത്. വളരെ പക്വതയോടെ ടീമിന് അനുയോജ്യമായ രീതിയിലാണ് പടിക്കൽ ബാറ്റ് ചെയ്തത്. മികച്ച പ്രകടനം തന്നെ,” സംഗക്കാര പറഞ്ഞു.