അകാലത്തിൽ വിട പറഞ്ഞ അച്ഛന്റെ ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുക്കുന്ന മകന്റെ കഥg

എഴുത്ത് :നന്ദകുമാർ പിള്ള( ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് ):1983 ലോകകപ്പിൽ ടേൺബ്രിഡ്ജിൽ നടന്ന ഇന്ത്യ-സിംബാബ്വേ മത്സരം പ്രശസ്തമാണ്..17 / 5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ അസാധ്യമായ ഒരു ഒറ്റയാൾപ്പോരാട്ടത്തിലൂടെ കപിൽ ദേവ് ജയിപ്പിച്ച കഥ നമ്മൾ ഇന്ത്യക്കാർക്ക് ജ്വലിക്കുന്നൊരു ഓർമയാണ്. ക്രിക്കറ്റ് എന്ന കായിക വിനോദം ഇന്ത്യയിൽ ഉള്ളിടത്തോളം കാലം, തലമുറകളോളം ഈ മത്സരം വാഴ്ത്തപ്പെടും.നമുക്ക് സിംബാബ്വേ എന്ന രാജ്യത്തെക്കുറിച്ചോ അവരുടെ കണ്ണീരിനെക്കുറിച്ചോ അറിയില്ല, അറിയേണ്ട ആവശ്യവുമില്ല..

എന്നാൽ ആ മത്സരത്തിൽ ഇന്ത്യയുടെ ശക്തരായ ബാറ്റ്സ്മാന്മാരായ ശ്രീകാന്തിന്റെയും (0), സന്ദിപ് പാട്ടീലിന്റെയും (1) അവസാനം മദന്ലാലിന്റെയും വിക്കറ്റ് എടുക്കുകയൂം, ബാറ്റിങ്ങിൽ സിംബാബ്വേക്കു വേണ്ടി അങ്ങേയറ്റം പൊരുതി 73 റൺസ്, (93 പന്തിൽ) നേടുകയും ചെയ്തൊരു കളിക്കാരനുണ്ട്.. പേര് കെവിൻ കരൺ.. ആ ടൂർണമെന്റിൽ ഇന്ത്യക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും കെവിൻ അർദ്ധ സെഞ്ചുറികൾ നേടി.6 കളികളിൽ നിന്നായി 5 വിക്കറ്റുകളും വീഴ്ത്തി ഓൾ റൌണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്.1983, 1987 ലോകകപ്പുകളിൽ നിന്നായി ആകെ 11 ഏകദിനങ്ങൾ മാത്രമാണ് അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി കളിക്കാനായത്. പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിലയേറിയ താരമായിരുന്നു കെവിൻ.. ഒരു തികഞ്ഞ ഓൾ റൗണ്ടർ..ഇംഗ്ലണ്ടിന്റെ നോർത്താംപ്ടൺ കൗണ്ടി താരമായിരുന്ന കെവിൻ 324 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി പതിനയ്യായിരത്തിലേറെ റൺസും അറുനൂറിലേറെ വിക്കറ്റുകളും നേടിയിട്ടുണ്ട്

.മൂന്ന് മക്കളാണ് കെവിന് .മൂത്തവൻ ടോം കരൺ, രണ്ടാമൻ ബെൻ കരൺ, ഇളയവൻ സാം കരൺ.മൂന്നു പേരെയും ചെറുപ്പത്തിൽ തന്നെ അദ്ദേഹം ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടു..പക്ഷെ 2012 ൽ, 53 ആം വയസിൽ വളരെ അപ്രതീക്ഷിതമായി കെവിൻ ക്രിക്കറ്റ് ലോകത്തോടും ഈ ലോകത്തോടും എല്ലാം വിടപറഞ്ഞു.ജോഗ് ചെയ്തു കൊണ്ടിരിക്കെ ഹാർട്ട് അറ്റാക്ക് ഉണ്ടായി അദ്ദേഹത്തിന്റെ വിയോഗം ഇന്നും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.

പിന്നീടാണ് കരൺ സഹോദരങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവുകൾ സംഭവിക്കുന്നത്. കൗണ്ടിയിൽ കളിക്കുന്ന കാലത്ത് കെവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മുൻ ഇംഗ്ലണ്ട് താരമായിരുന്ന അലൻ ലാംബ്.അദ്ദേഹം കെവിൻ കുടുംബവുമായി വളരെ അടുപ്പം പുലർത്തിയിരുന്നു.. അക്കാലത്ത് സിംബാബ്വേ നാഷണൽ ടീമിന്റെ കോച്ച് ആയിരുന്ന മുൻ ഓസ്‌ട്രേലിയൻ താരം ജെഫ് മാർഷിന്റെ സഹായത്തോടെ ലാംബ്, കരൺ സഹോദരങ്ങളെ ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ലാംബ് ആണ് അവരുടെ ഗോഡ് ഫാദർ.കുട്ടിക്കാലത്തു തന്നെ ഈ മൂന്ന് പേരുടെയും ക്രിക്കറ്റിനോടുള്ള താല്പര്യം അടുത്ത് നിന്ന് കണ്ടറിഞ്ഞിരുന്നു. സിംബാബ്വേയിൽ തന്നെ തുടർന്നാൽ അവരുടെ ഭാവി ഇരുളടഞ്ഞതാകും എന്ന് മനസിലാക്കിയ ലാംബ് , വളരെ ബുദ്ധിമുട്ടി അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.

അവർക്ക് എല്ലാം പിന്നീട് ഇംഗ്ലണ്ടിൽ താമസം വിദ്യാഭ്യാസം ക്രിക്കറ്റ് പരിശീലനം തുടങ്ങി എല്ലാ കാര്യങ്ങൾക്കുമുള്ള സഹായം ലാംബ് ചെയ്തു കൊടുത്തു.അച്ഛന്റെ ആഗ്രഹം പോലെ മൂന്നു പേരും ക്രിക്കറ്റിൽ തങ്ങളുടെ സ്പേസ് കണ്ടെത്തി.. അതിൽ തന്നെ ഏറ്റവും മിടുക്കൻ എന്ന് പേരെടുത്തത് സാം ആണ്.. ഇംഗ്ലണ്ടിന്റെ മികച്ച ഓൾ റൗണ്ടർ എന്ന സ്ഥാനം ഇപ്പോൾ തന്നെ സാം നേടി ക്കഴിഞ്ഞു.. ഇന്ത്യയുടെ കഴിഞ്ഞ (2018) ഇംഗ്ലണ്ട് സീരിസിൽ സാമിന്റെ പ്രകടനം നമ്മൾ കണ്ടതാണ്..ഇംഗ്ലണ്ട് 4 – 1 നു ജയിച്ച ആ സീരിസിൽ ക്രിക്കറ്റ് വിദഗ്ധർ എല്ലാം ഒരേസ്വരത്തിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു.സാം കരൺ മാത്രമായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം