രാജസ്ഥാൻ ജേഴ്സിയിട്ട് സപ്പോർട്ട് ചെയ്യാനെത്തി ഡൽഹി താരം!!!!ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം

ഐപിഎൽ താരലേലത്തിൽ ഒരിക്കലും കളിക്കാരുടെ സമ്മതമൊ ആഗ്രഹമോ ചോദിച്ചിട്ടല്ല ഫ്രാഞ്ചൈസികൾ താരങ്ങളെ സ്വന്തമാക്കുന്നത്. പ്രത്യേകിച്ച്, യുവതാരങ്ങളുടെ കാര്യത്തിൽ അവരെ താരലേലത്തിന് മുന്നോടിയായി മുൻ ഫ്രാഞ്ചൈസികൾ നിലനിർത്താനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നുള്ളതുകൊണ്ട് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി അവർക്ക് കളിക്കേണ്ടി വന്നേക്കാം.

എന്നിരുന്നാലും, തങ്ങളെ വളർത്തിയെടുത്ത ഫ്രാഞ്ചൈസികളോടുള്ള ഇഷ്ടവും ആരാധനയും അവരുടെ ഉള്ളിൽ നിന്ന് മാഞ്ഞുപോകണമെന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞായറാഴ്ച (മെയ്‌ 29) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 15-ാം പതിപ്പിന്റെ ഫൈനൽ മത്സരത്തിൽ കണ്ടത്. രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ സപ്പോർട്ട് ചെയ്യാനായി റോയൽസ് ജേഴ്സിയിൽ സ്റ്റാൻഡിൽ ഉണ്ടായിരുന്ന കാണിയെ കണ്ട് ക്രിക്കറ്റ് ആരാധകർ ആദ്യമൊന്നമ്പരന്നു.

മുൻ രാജസ്ഥാൻ റോയൽസ് താരവും നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരവുമായ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ സപ്പോർട്ട് ചെയ്യാനായി സ്റ്റേഡിയത്തിൽ എത്തിയത്. റോയൽ ജേഴ്സിയിൽ സ്റ്റേഡിയത്തിലെത്തിയ സക്കറിയ, ഒടുവിൽ രാജസ്ഥാൻ റോയൽസ്‌ പരാജയപ്പെട്ടപ്പോൾ വിഷമിച്ചിരിക്കുന്ന കാഴ്ച്ചയും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.

2021 ലാണ് ചേതൻ സക്കറിയ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നത്. 1.2 കോടി രൂപയ്ക്കായിരുന്നു അന്ന് രാജസ്ഥാൻ റോയൽസ് സക്കറിയയെ സ്വന്തമാക്കിയത്. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം അതേവർഷം ഇന്ത്യൻ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചു. ഐപിഎൽ 2022 താരലേലത്തിൽ 4.2 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ്‌ സക്കറിയയെ സ്വന്തമാക്കിയത്. എന്നാൽ, ഷാർദുൽ താക്കുർ, ഖലീൽ അഹ്മദ് ആൻറിച്ച് നോർജെ തുടങ്ങിയ പേസർമാർ ഡൽഹിയിൽ തിളങ്ങിയതോടെ സക്കറിയയ്ക്ക് സീസണിൽ മതിയായ അവസരവും ലഭിച്ചില്ല.