സാന്ത്വനം എന്നോരോറ്റ ടെലിവിഷൻ പരമ്പരയിൽ കൂടി കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി കുടുംബസദസ്സുകളിൽ സ്ഥിരം എത്തുന്നയാളാണ് സജിൻ. ഇന്ന് മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനസിലെ നായകസങ്കൽപ്പങ്ങൾക്ക് പൂർണ്ണതയേകുന്ന കഥാപാത്രമാണ് സജിൻ അവതരിപ്പിക്കുന്ന ശിവൻ.
അല്പം ഗൗരവക്കാരനായ ശിവന്റെ ചെറുപുഞ്ചിരിയും സംസാരവുമെല്ലാം പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്.ഇപ്പോഴിതാ തന്റെ വലിയൊരു സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചെത്തിയിരിക്കുകയാണ് സജിൻ. താരം ഈയിടെ ഒരു ഷോർട്ഫിലിമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സോൾമേറ്റ് എന്ന ഹ്രസ്വചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒപ്പം കൂടിച്ചേരലിന്റെയും കഥയാണ് പറയുന്നത്. നടി മരിയ പ്രിൻസാണ് സോൾമേറ്റിൽ സജിന്റെ നായികയായെത്തിയത്. സില്ലിമോങ്ക്സ് അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയായിരുന്നു.
ഇപ്പോൾ ചിത്രം ഇരുപത് ലക്ഷം കാഴ്ചക്കാരും കടന്ന് വൻവിജയം കൊയ്തിരിക്കുകയാണ്. ഈ സന്തോഷമാണ് സജിൻ ഇപ്പോൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. സാന്ത്വനത്തിലെ ശിവനായി തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ സോൾമേറ്റിലെ തന്റെ കഥാപാത്രത്തെയും ഏറെ സന്തോഷത്തോടെ ഏറ്റെടുത്തതിൽ ഒത്തിരി സന്തോഷമെന്നാണ് സജിൻ പറയുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള സ്നേഹവും കരുതലുമെല്ലാം എന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സാരംഗ് വി ശങ്കർ ആണ് സോൾമേറ്റിന്റെ സംവിധായകൻ. ബിബിൻ മോഹനാണ് രചന. മനസിന് ഏറെ കുളിർമയേകുന്ന സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുദാസ് ആണ്. ചിത്രം കണ്ടവരെല്ലാം വളരെ മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.
‘ശിവേട്ടൻ ലുക്കി’ൽ നിന്ന് മാറി അൽപ്പം മോഡേൺ ഔട്ട്ലുക്കിലാണ് സജിൻ സോൾമേറ്റിലെത്തിയത്. സാന്ത്വനത്തിലെ ഞങ്ങളുടെ ശിവേട്ടനെ സോൾമേറ്റിൽ കണ്ടതേയില്ല എന്നാണ് പ്രേക്ഷകരിൽ പലരും കമന്റ് ചെയ്യുന്നത്. സജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പുകൾ വരെയുണ്ട്. അത്രയും ആരാധകപിന്തുണയുള്ള താരമാണ് സജിൻ. സോഷ്യൽ മീഡിയയിൽ വരുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ വളരെപ്പെട്ടെന്ന് ഏറ്റെടുക്കാറുമുണ്ട്.