ഇനിയും ഇത്തരം പിച്ചുകളിൽ തന്നെ കളിക്കും!! പിച്ചിനെ ന്യായീകരിച്ച് രോഹിത് ശർമ!!
ഇൻഡോർ ടെസ്റ്റിൽ 9 വിക്കറ്റുകൾക്ക് പരാജയമറിഞ്ഞതോടെ ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇൻഡോറിൽ ഇന്ത്യ തിരഞ്ഞെടുത്ത പിച്ചിന്റെ സ്വഭാവത്തെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. ആദ്യദിനം മുതൽ സ്പിന്നിനെ പൂർണമായും പിന്തുണയ്ക്കുന്ന പിച്ചാണ് ഇൻഡോറിൽ കണ്ടത്. ഇന്ത്യൻ ബാറ്റർമാർ ഈ സാഹചര്യത്തിൽ തീർത്തും പരാജയപ്പെടുകയും ചെയ്തു. എന്നാൽ പിച്ചിനെതിരെ ഉയർന്നിരിക്കുന്ന വലിയ വിമർശനങ്ങൾക്ക് മറുപടി നൽകി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
പിച്ചിൽ മാത്രം എല്ലാവരും ശ്രദ്ധിക്കുന്നതിൽ അർത്ഥമില്ലെന്നും, ഏതുതരം പിച്ച് തിരഞ്ഞെടുക്കണമെന്ന് ടീം പൂർണ്ണമായും ആലോചിക്കാറുണ്ടെന്നും രോഹിത് ശർമ പറഞ്ഞു. “ഏതു പരമ്പരയ്ക്ക് മുൻപും ഏതുതരം പിച്ചുകളാണ് വേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കാറുണ്ട്. ഏതുതരം വിക്കറ്റുകളിൽ കളിക്കണം എന്നത് ഞങ്ങളുടെ കൂട്ടായ തീരുമാനം തന്നെയാണ്. അതുകൊണ്ടു തന്നെ ബാറ്റർമാരിൽ കൂടുതൽ സമ്മർദം അടിച്ചേൽപ്പിക്കുന്നതായി ഞാൻ കരുതുന്നില്ല.”- രോഹിത് പറയുന്നു.
“പിച്ചിനെകുറിച്ചുള്ള സംസാരം അല്പം അധികമാവുന്നുണ്ട്. ഇന്ത്യയിൽ ഞങ്ങൾ എപ്പോൾ കളിച്ചാലും, പിച്ചിലേക്ക് തന്നെയാണ് എല്ലാവരുടെയും പൂർണമായ ശ്രദ്ധ. എന്തുകൊണ്ടാണ് ആളുകൾ നതാൻ ലയണിന്റെ ബോളിംഗ് മികവിനെ പറ്റി ചോദിക്കാത്തത്. എത്ര നന്നായിയാണ് അയാൾ ബോൾ ചെയ്തത്. രണ്ടാമത്തെ ഇന്നിങ്സിൽ എത്ര മികച്ച രീതിയിലാണ് പൂജാര ബാറ്റ് ചെയ്തത്. ഉസ്മാൻ ഖവാജാ എത്ര നന്നായാണ് ബാറ്റ് ചെയ്തത്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.
“ആദ്യ ഇന്നിംഗ്സിൽ മികച്ച രീതിയിലായിരുന്നില്ല ഞങ്ങൾ ബാറ്റ് ചെയ്തത്. ശേഷം അവർ 80-90 റൺസ് ലീഡ് നേടുകയും ചെയ്തു. ആ സമയത്ത് രണ്ടാം ഇന്നിങ്സിൽ നല്ല പ്രകടനം നടത്തേണ്ടത് ആവശ്യമായിരുന്നു. പക്ഷേ അതിനും ഞങ്ങൾക്ക് സാധിക്കാതെ വന്നു. ഞങ്ങൾ നന്നായി ആദ്യമേ ബാറ്റ് ചെയ്തിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.